തിരുവനന്തപുരം:സമഗ്രവും പരാതിരഹിതവുമായ ഡിജിറ്റൽ സർവേയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ .നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു റവന്യു മന്ത്രി
സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ ഭൂവുടമകൾക്ക് ഭൂമിയുടെ സമഗ്ര വിവരങ്ങള ടങ്ങിയ പ്രത്യേക കാർഡ് പുറത്തിറക്കും. ഓരോ ഭൂവുടമയ്ക്കും ലഭിക്കുന്ന കാർഡിൽ തന്റെ ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്തും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തിലധികം പരാതികളാണ് ഈ സർക്കാർ അധികാരമേറ്റപ്പോൾ മുന്നിലെത്തിയത്. ഇതിനെ തുടർന്നാണ് സർവേ നിർത്തിവെക്കാൻ തീരുമാനിച്ചത്. സർവേയിൽ പങ്കെടുത്ത കരാർ ജീവനക്കാർക്ക് ശമ്പളം കുടിശ്ശികയുമായിരുന്നു. കുടിശ്ശിക തീർക്കാൻ 17.50 കോടി രൂപ ഈ സർക്കാർ അനുവദിച്ചു.
പരാതികൾ പരിഹരിച്ച് ഡിജിറ്റൽ സർവേയുടെ രണ്ടാം ഘട്ടം നവംബർ ഒന്നിന് ആരംഭിക്കും. സർവേ സംബന്ധമായ സംശയങ്ങൾ പരിഹരിക്കാൻ ‘എന്റെ ഭൂമി’ പോർട്ടലിൽ എ.ഐ. ചാറ്റ്ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകുന്ന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 5000 പട്ടയങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 10,269 പട്ടയങ്ങൾ വിതരണം ചെയ്തു. തരംമാറ്റ അപേക്ഷകളിൽ 51,059 എണ്ണത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തിലധികം എൽ പി എം പരാതികളിൽ 70,000 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



















