മിഥില മോഹൻ വധക്കേസ്: പ്രതി സന്തോഷ് കുമാറിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെവിട്ടു

മിഥില മോഹൻ വധക്കേസ്: പ്രതി സന്തോഷ് കുമാറിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെവിട്ടു

കൊച്ചി: ഏറെ കോലാഹലം സൃഷ്ടിച്ച വെണ്ണലയിലെ അബ്കാരി കരാറുകാരൻ മിഥില മോഹൻ (വി.എ. മോഹൻ) വധക്കേസിലെ പ്രതിയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. തൃശ്ശൂർ സ്വദേശിയായ സന്തോഷ് കുമാർ (കണ്ണൻ) എന്ന പ്രതിയെയാണ് കേസിൽ വിചാരണ കൂടാതെ കോടതി വെറുതെ വിട്ടത്. ഇരുപത് വർഷത്തോളം പഴക്കമുള്ള കേസിലാണ് നിർണ്ണായക വിധിയുണ്ടായിരിക്കുന്നത്.

2006 ഏപ്രിൽ അഞ്ചിനാണ് എറണാകുളം വെണ്ണലയിലെ വീടിനുള്ളിൽ വെച്ച് സ്പിരിറ്റ് വ്യാപാരിയായ മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അനധികൃത സ്പിരിറ്റ് കച്ചവടവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യം കാരണം തമിഴ്‌നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് സന്തോഷ് കുമാർ കൊലപാതകം നടത്തുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ആദ്യം കേരള പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു. സന്തോഷ് കുമാറിനെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 117 സാക്ഷികളെ ഉൾപ്പെടുത്തി സിബിഐ കുറ്റപത്രവും സമർപ്പിച്ചു.

എന്നാൽ, സിബിഐ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരാൻ തക്ക ശക്തമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സന്തോഷ് കുമാറിനെ വെറുതെവിട്ട് ഉത്തരവിട്ടത്.

Share Email
Top