കണ്ണൂര്‍: സിഎംആര്എല്ഡി മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയില്‍ നിന്ന് ഇ.പി ജരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി സഹോദരീപുത്രന് ശ്യാം രാജ് രംഗത്ത്. എന്നാല്‍ ആരോപണം ജയരാജന് നിഷേധിച്ചു. പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തനിക്ക് ശശിധരന് കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. വാര്‍ത്ത നല്കിയ സ്വകാര്യ ചാനലിനെതിരേ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കുമെന്നും ഇപി ജയരാജന് പറഞ്ഞു.
വൈദേകം റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇപി ജയരാന് പറഞ്ഞു. ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തുപ്രചരിപ്പിക്കാമോയെന്നും ജയരാജന് ചോദിച്ചു. 2014ലാണ് വൈദേകം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാര്യ സര്‍വീസില്‍ നിന്ന് റിട്ടയര്‍മെന്റ് ചെയ്തപ്പോഴുള്ള പണം ഉപയോഗിച്ചാണ് അത് ആരംഭിച്ചത്. അതിന്റെ ഡയറക്ടര്‍മാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് നെറ്റില്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒന്‍പത് കോടി നിക്ഷേപം ഉള്ള ആരും ഇല്ല.
ശ്യാംജിത്തിനും ഭാര്യയ്ക്കും താന്‍ പറഞ്ഞതുകൊണ്ട് വൈദേകത്തില്‍ ജോലി നല്‍കിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയതുകൊണ്ട് ഇരുവരെയും വൈദേകത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തന്റെ മരുമകന് ആയതുകൊണ്ടാണ് അവര്‍ സസ്പെന്‍ഡ് ചെയ്യാന്‍ വൈകിയത്. അതിന് പിന്നാലെയാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ശശിധരന് കര്‍ത്തായില്‍ നിന്ന് വാങ്ങിയ പണം എന്നായിരുന്നു മരുമകന് ശ്യാംജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന് ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിലും കൂടുതല്‍ പേര് പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വാര്‍ത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
Nephew alleges that Jayarajan’s wife received money from Sasidharan Kartha; Jayarajan denies the allegation.



















