മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ട് മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. രാവിലെ പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് മോചിപ്പിച്ചത്. മോചനത്തിന് പിന്നാലെ പോലീസിന്റെ വിചിത്ര നടപടികൾക്കെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ട പിണറായി വിജയൻ, ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾ കൊണ്ട് പ്രതിഷേധം തണുപ്പിക്കാനാവില്ലെന്നും ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരം ശക്തമായി തുടരുമെന്നും പ്രഖ്യാപിച്ചു.
കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം പോലീസ് വാഹനത്തിൽ നഗരത്തിലൂടെ വട്ടംകറക്കിയ ശേഷമാണ് പിണറായി വിജയനെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പോലീസിന്റെ ഈ അവഗണന മൂലം വയോധികനായ നേതാവിന് കൃത്യസമയത്തെ ഭക്ഷണവും മരുന്നും ലഭിക്കാതെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പ്രതിഷേധിക്കുകയും ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ തികച്ചും മോശമായാണ് പോലീസ് പെരുമാറിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കേരള ഹൗസിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് മാർച്ചായി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് പിണറായി വിജയനടക്കമുള്ള നേതാക്കളെ പോലീസ് തടഞ്ഞത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി.ബി അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി തുടങ്ങിയ പ്രമുഖ നേതാക്കളെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.



















