ലണ്ടന്‍: ഇന്ത്യന്‍ വജ്രവ്യാപാരിയും സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയുമായ മെഹുല്‍ ചോക്സിക്കുവേണ്ടി നിയമനടപടികളില്‍ ഹാജരായിട്ടുള്ള ഇന്ത്യന്‍ അഭിഭാഷകന്‍ വിജയ് അഗര്‍വാളിനെതിരെ ലണ്ടനില്‍ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കേസുമായി ബന്ധപ്പെട്ട് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നവംബര്‍ ആറിന് പ്രീ-ട്രയല്‍ ഹിയറിങ് നടക്കും. അഗര്‍വാളിനൊപ്പം കൗര്‍, തിബ്രേവാല എന്നിവരും അന്ന് കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.
കഴിഞ്ഞ മാസം സൗത്ത്വാര്‍ക്ക് കോടതിയില്‍ നടന്ന ജാമ്യാപേക്ഷാ വാദത്തിനിടെ ജസ്റ്റിസ് ജോണ്‍ മില്‍ന്‍ അഗര്‍വാളിന് ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മെഹുല്‍ ചോക്സിക്കുവേണ്ടി ഹാജരായിട്ടുള്ള ഡല്‍ഹി സ്വദേശിയായ അഭിഭാഷകനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികമായി സ്പര്‍ശിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ആരോപണങ്ങളെ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതെന്നാണ ജഡ്ജി വിശേഷിപ്പിച്ചത്.
പഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്കെന്ന പേരില്‍ യുവതികളെ ആകര്‍ഷിക്കാന്‍ ആസൂത്രിതവും ദുരുദ്ദേശ്യപരവുമായ നീക്കം നടത്തിയെന്ന ആരോപണവും അഗര്‍വാളിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് വഴങ്ങാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ജഡ്ജിയുടെ നിരീക്ഷണം. മുതിര്‍ന്ന പദവി സ്വന്തം താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ പ്രതി തയാറായിരുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പൗരനായ അഗര്‍വാളിന്റെ കുടുംബവും ബിസിനസും ജീവിതവും ഇന്ത്യയിലാണെന്നും ബ്രിട്ടനില്‍ ശക്തമായ സാമൂഹിക ബന്ധങ്ങളില്ലെന്നും ജസ്റ്റിസ് മില്‍ന്‍ നിരീക്ഷിച്ചു. വിചാരണ ഒഴിവാക്കാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. 2027 മാര്‍ച്ച് 15-നാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, അഗര്‍വാളിന്റെ അഭിഭാഷകയായ സാഷ വാസ് തന്റെ കക്ഷി മികച്ച സ്വഭാവവും പ്രശസ്തിയുമുള്ള വ്യക്തിയാണെന്ന് വാദിച്ചു. ഓഗസ്റ്റില്‍ അറസ്റ്റിലായതിനു ശേഷം തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ മറ്റൊരു തടവുകാരനൊപ്പം സെല്‍ പങ്കിടേണ്ടിവരുന്നതായും അവര്‍ കോടതിയില്‍ പറഞ്ഞു.
Rape case against Mehul Choksi’s lawyer in London; court denies bail, trial set for March 2027.



















