തിരുപ്പരൻകുണ്ട്രത്ത് പരമ്പരാഗത ആചാരം തുടർന്ന് ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെ ദീപം തെളിച്ചു. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം തള്ളിയാണ് വിജയ് സർക്കാരും നിലവിലെ ആചാരം തുടരാൻ തീരുമാനിച്ചത്. ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ തന്നെ ദീപം തെളിക്കുമെന്ന് നിയമമന്ത്രി പ്രഖ്യാപിക്കുകയും, ഇതിന്റെ ചിത്രം നിർമൽ കുമാർ പങ്കുവെക്കുകയും ചെയ്തു. ഇതോടെ മുൻ ഡിഎംകെ സർക്കാരിന്റെ പാത പിന്തുടർന്ന് ടിവികെയും നിലപാടെടുത്തുവെന്ന വിലയിരുത്തലുണ്ടായി.
ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരെയും, ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാത്തതിലും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജസ്റ്റിസ് സ്വാമിനാഥന്റെ നിർദേശത്തിന് വഴങ്ങാതെയാണ് നടപടിയെന്നും ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം മുദ്രാവാക്യം വിളികളുമായി രംഗത്തുണ്ട്.
അതേസമയം, വർഷങ്ങളായുള്ള ആചാരം തുടരാൻ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സവിശേഷമായ ആചാരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ട്രസ്റ്റ് അറിയിച്ചു.
Deepam Lit at Uchi Pillaiyar Temple in Thiruparankundram; Hindu Outfits Protest Over Denial to Light Lamp on Deepathoon
















