‘ഞാൻ പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്

‘ഞാൻ പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്

മുപ്പതിലേറെ വർഷം ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ കറുത്ത ചട്ടയുള്ള ഡയറിയിൽ എഴുതിയിരുന്ന സ്വകാര്യ കുറിപ്പുകൾ ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിൽ പുറത്തിറങ്ങി. താൻ കണ്ട മനുഷ്യർ, ഭയങ്ങൾ, പിഴവുകൾ, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് അദ്ദേഹം വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ അദ്ദേഹം അതിൽ കുറിച്ചിരുന്നു.

ലളിതമായ ഭക്തിയുള്ള ഒരു മനുഷ്യനായിട്ടാണ് ഈ ഡയറി ഫ്രാൻസിസ് മാർപാപ്പയെ അവതരിപ്പിക്കുന്നത്. ലിസ്യൂവിലെ വിശുദ്ധ തെരേസ, വിശുദ്ധ യൗസേപ്പ്, പരിശുദ്ധ മറിയം എന്നിവരിലാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്. മരണത്തിന് ഒരു വർഷം മുൻപ്, തന്നെ കാക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം മറിയത്തോട് അപേക്ഷിച്ചിരുന്നതായും കുറിപ്പുകളിലുണ്ട്.

ഡയറി വെളിച്ചം കണ്ടത് ഇങ്ങനെ

ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘകാല സുഹൃത്തും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വകുപ്പിന്റെ (ഡിക്കാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത്) തലവനുമായ കർദിനാൾ ഫെർണാണ്ടസാണ് ഡയറി എഡിറ്റ് ചെയ്തത്. താൻ താമസിച്ചിരുന്ന വത്തിക്കാൻ വസതിയായ കാസ സാന്ത മാർത്തയിൽവച്ച് ഒരു വൈകുന്നേരം സംസാരിക്കുന്നതിനിടെ, മൂന്ന് രേഖകളും ഒരു അപ്പോയിന്റ്മെന്റ് പുസ്തകവും സൂക്ഷിച്ചിരുന്ന സ്ഥലം ഫ്രാൻസിസ് മാർപാപ്പ കർദിനാളിന് ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നു. രേഖകളിൽ ചില ഭാഗങ്ങൾ അദ്ദേഹം അടിവരയിട്ടിരുന്നതായും വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ വെളിപ്പെടുത്തി.

ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് കർദിനാൾ ഫെർണാണ്ടസ് ഈ കുറിപ്പുകളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചത്. രണ്ടുദിവസത്തിനുള്ളിൽ ഡയറിയടങ്ങിയ പെട്ടി കണ്ടെത്തിയ ലിയോ മാർപാപ്പ അത് കർദിനാളിന് അയച്ചുകൊടുക്കുകയും, കുറിപ്പുകൾ മാത്രം പ്രസിദ്ധീകരിക്കുന്നത് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയേക്കാമെന്നതിനാൽ കർദിനാളിന്റെ വിശദീകരണങ്ങൾ കൂടി ചേർത്ത് എഡിറ്റ് ചെയ്ത പുസ്തകമായി പുറത്തിറക്കാൻ നിർദേശിക്കുകയുമായിരുന്നു.

സാമൂഹിക, രാഷ്ട്രീയ, സഭാ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവച്ചിരുന്നെങ്കിലും തന്റെ സ്വകാര്യ ആത്മീയജീവിതത്തെക്കുറിച്ച് മാർപാപ്പ ഒരിക്കലും സംസാരിച്ചിരുന്നില്ലെന്ന് കർദിനാൾ ഫെർണാണ്ടസ് പറയുന്നു. പിശാചിനെക്കുറിച്ചുള്ള ദർശനങ്ങൾ ഒരു വായനക്കാരന് ഭാവനയുടെ സൃഷ്ടിയായി തോന്നിയേക്കാമെങ്കിലും അവയുടെ അർഥം ആഴമേറിയതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Share Email
LATEST excelnclexrn
Top