സോഷ്യൽ സെക്യൂരിറ്റി ഡാറ്റാബേസിൽ വൻ തിരുത്തലുകളുമായി യുഎസ്; 15 ശതമാനത്തോളം റെക്കോർഡുകളിൽ ക്രമീകരണം വരുത്തി എസ്‌എസ്എ

സോഷ്യൽ സെക്യൂരിറ്റി ഡാറ്റാബേസിൽ വൻ തിരുത്തലുകളുമായി യുഎസ്; 15 ശതമാനത്തോളം റെക്കോർഡുകളിൽ ക്രമീകരണം വരുത്തി എസ്‌എസ്എ

വാഷിം​ഗ്ടൺ: അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ തങ്ങളുടെ 91 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് ശുദ്ധീകരണ നടപടികൾ പൂർത്തിയാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച ദൗത്യത്തിലൂടെ സജീവമായ സോഷ്യൽ സെക്യൂരിറ്റി നമ്പറുകളിൽ 15 ശതമാനത്തോളം റെക്കോർഡുകളിൽ തിരുത്തലുകൾ വരുത്തിയതായി ഏജൻസി വ്യക്തമാക്കി.

ആകെ 39 കോടി റെക്കോർഡുകളും 33 കോടി യുഎസ് പൗരന്മാരുടെ വിവരങ്ങളുമുള്ള വൻ ഡാറ്റാബേസിലാണ് ഏജൻസി കൃത്യത ഉറപ്പാക്കിയത്. വിവരങ്ങളില്ലാതിരുന്ന 1.7 കോടി മരണ തീയതികൾ ഡാറ്റാബേസിൽ പുതുതായി കൂട്ടിച്ചേർത്തു. കൂടാതെ, പൗരത്വ വിവരങ്ങൾ വ്യക്തമല്ലാതിരുന്ന 2.5 കോടിയോളം ആളുകളുടെ റെക്കോർഡുകൾ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിന്റെ സഹായത്തോടെ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. വ്യാജരേഖ ചമച്ചുള്ള തട്ടിപ്പുകളും അനാവശ്യ സാമ്പത്തിക ഇടപാടുകളും തടയുന്നതിനാണ് ഈ നടപടിയെന്ന് എസ്.എസ്.എ കമ്മീഷണർ ഫ്രാങ്ക് ജെ. ബിസിഗ്നാനോ അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ തെറ്റായ രേഖകൾ കാരണം കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഏജൻസിക്ക് സംഭവിച്ചത്. നിലവിൽ വരുത്തിയ മാറ്റങ്ങൾ ആനുകൂല്യ തുകകളെയോ അർഹതയെയോ നേരിട്ട് ബാധിച്ചിട്ടുണ്ടോ എന്ന് ഏജൻസി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിവരങ്ങളിലെ തെറ്റുകൾ പരിഹരിക്കുന്നത് പെൻഷൻ, മെഡികെയർ, ഇൻഷുറൻസ് എന്നിവ തടസ്സമില്ലാതെ ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുണഭോക്താക്കൾ തങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ടുകൾ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
Top