ടെക്സസ്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപടികൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം തുടക്കമിട്ടതോടെ ദുരിതത്തിലായി ആയിരക്കണക്കിന് കുടിയേറ്റക്കാർ. സ്വന്തം രാജ്യത്തേക്ക് മടക്കിയയച്ചാൽ ജീവന് ഭീഷണിയുണ്ടെന്ന് യുഎസ് ജഡ്ജി വിധിച്ചവരെ പോലും മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുകയും, ആ രാജ്യങ്ങൾ ഇവരെ വീണ്ടും പഴയ ഭീഷണി മേഖലകളിലേക്ക് നിർബന്ധപൂർവ്വം തിരികെ അയക്കുകയും ചെയ്യുന്നതായി 60 മിനിറ്റ്സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ടെക്സാസിൽ ദീർഘകാലം ജീവിച്ച മാലി സ്വദേശിയായ മൂസ ഡിയവാര (57) എന്ന വ്യക്തിയുടെ അനുഭവമാണ് നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 32-ാം വയസ്സിൽ ടൂറിസ്റ്റ് വിസയിൽ യുഎസിലെത്തിയ ഡിയവാര പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ മാലിയേക്ക് മടങ്ങിയാൽ ഇയാൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് 2012-ൽ യുഎസ് ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയും മാലിയേക്ക് നാടുകടത്തുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്ന് വർക്ക് പെർമിറ്റ് നേടി യു.എസിൽ നികുതി അടച്ച് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാളെ ജൂലൈ 11-നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
യാതൊരു ബന്ധവുമില്ലാത്ത ഘാനയിലേക്ക് ജൂലൈ 31-ന് ഡിയവാരയെ നാടുകടത്തിയെങ്കിലും, ഘാന അധികൃതർ ഇയാളെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിർബന്ധപൂർവ്വം മാലിയേക്ക് കയറ്റി അയക്കുകയായിരുന്നു. യാത്രാരേഖകളോ പണമോ ഇല്ലാതെ മാലിയയിൽ ഉപേക്ഷിക്കപ്പെട്ട ഇയാൾ, പിന്നീട് പ്രാദേശിക ട്രക്ക് ഡ്രൈവർമാരുടെ സഹായത്തോടെ രഹസ്യമായി മറ്റൊരു അയൽരാജ്യത്തേക്ക് കടന്നാണ് നിലവിൽ ജീവൻ രക്ഷിച്ചിരിക്കുന്നത്. അമേരിക്ക തങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിന് തുല്യമായ സാഹചര്യത്തിലേക്കാണ് തള്ളിവിട്ടതെന്ന് ഡിയവാര ആരോപിച്ചു. നാടുകടത്തപ്പെടുന്ന വ്യക്തികളെ സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലേക്ക് തിരികെ അയക്കില്ലെന്ന അന്താരാഷ്ട്ര നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് യുഎസ് ഭരണകൂടത്തിന്റെ നിലവിലെ നടപടികൾ.



















