ബ്രസീല്‍ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞതെന്ന് ട്രംപ്; ലുലയുടെ വിജയത്തിനെതിരെ ആരോപണം

ബ്രസീല്‍ തിരഞ്ഞെടുപ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞതെന്ന് ട്രംപ്; ലുലയുടെ വിജയത്തിനെതിരെ ആരോപണം

വാഷിംഗ്ടണ്‍: ബ്രസീലില്‍ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും വിജയിച്ചതിന് പിന്നാലെ രാജ്യത്തെ തിരഞ്ഞെടുപ്പ് അഴിമതി നിറഞ്ഞതും ക്രമക്കേടുകള്‍ നടന്നതുമാണെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം ലോകത്തിന് മുന്നില്‍ മോശം പ്രതിച്ഛായയാണ് സൃഷ്ടിച്ചതെന്നും ഫലം സംശയാസ്പദമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊള്‍സൊനാരോയുടെ മകനായ ഫ്‌ലാവിയോ ബൊള്‍സൊനാരോ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലതുപക്ഷ നിലപാടുകള്‍ക്ക് പേരുകേട്ട ബൊള്‍സൊനാരോ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപ്, ഫ്‌ലാവിയോയുടെ വിജയമാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വാഷിങ്ടണില്‍നിന്ന് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ബ്രസീലിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പുകള്‍ സംശയാതീതമായിരിക്കണമെന്നും ബ്രസീലില്‍ വോട്ടെണ്ണല്‍ നടന്ന രീതിയും നടപടികള്‍ നീട്ടിയതും മോശം പ്രതിച്ഛായ സൃഷ്ടിച്ചെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ അമേരിക്ക എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ബ്രസീലില്‍ മത്സരിക്കുന്നില്ലെന്നും അമേരിക്കയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ലുലയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇരുവരും തമ്മില്‍ മികച്ച വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില നഗരങ്ങളിലെ ഗതാഗത തടസങ്ങള്‍ കാരണം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ലുലയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീട്ടിയിരുന്നു. ഇതിനെതിരെയാണ് ഫ്‌ലാവിയോ ബൊള്‍സൊനാരോ രംഗത്തെത്തിയത്. അതേസമയം, ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ ഭൂപടം വലതുപക്ഷത്തിന് അനുകൂലമായി മാറുകയാണെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍നിന്ന് നീക്കിയ ജനുവരിയിലെ അമേരിക്കന്‍ സൈനിക നീക്കവും മേഖലയില്‍ അമേരിക്കയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഉയര്‍ത്തിക്കാട്ടി.

അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധേയമാകുന്നത്.

Trump claims Brazil election was riddled with corruption and irregularities; alleges foul play in Lula’s victory.

Share Email
LATEST excelnclexrn
More Articles
Top