ഇറാനില്‍ നേതാക്കളില്ലെന്ന് ട്രംപ്: ആരോടാണ് ചര്‍ച്ച നടത്തേണ്ടത്?’

ഇറാനില്‍ നേതാക്കളില്ലെന്ന് ട്രംപ്: ആരോടാണ് ചര്‍ച്ച നടത്തേണ്ടത്?’

വാഷിംഗ്ടണ്‍: ഇറാനില്‍ ആരാണ് ഇപ്പോള്‍ നേതൃത്വത്തിലുള്ളതെന്നും ആരുമായാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും തിരിച്ചറിയേണ്ടതുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ഇറാനെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാന് ഇപ്പോള്‍ വിമാനങ്ങളോ കപ്പലുകളോ നേതാക്കളോ ഒന്നും അവശേഷിക്കുന്നില്ലെന്നും രാജ്യത്തിന്റെ ഉന്നതതല നേതാക്കളെല്ലാം ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ, സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനെയിക്കും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒന്‍പത് മാസമായി ഇടവിട്ടുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്കയും ഇറാനും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണങ്ങള്‍ പുനരാരംഭിച്ചേക്കാമെന്ന സൂചനകള്‍ ട്രംപ് ഭരണകൂടം നല്‍കുന്നുണ്ട്.

ഇറാനെതിരായ സൈനിക നീക്കങ്ങള്‍ ശക്തമാക്കാനുള്ള സൂചനകള്‍ക്കിടെ കൂടുതല്‍ സൈനിക സന്നാഹങ്ങളും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്. മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ സംഘത്തെയും 10,000 നാവികരെയും മറീനുകളെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. യുദ്ധസാഹചര്യത്തെ നേരിടാന്‍ ഇറാനും തയ്യാറെടുക്കുകയാണ്. യുദ്ധം വീണ്ടും ആരംഭിച്ചാലും ഇറാന്റെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച വ്യക്തമാക്കി. മുമ്പ് രണ്ടുതവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലങ്ങള്‍ അമേരിക്കയും ഇസ്രയേലും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന പ്രധാന സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നെങ്കിലും ട്രംപിന്റെയും ഭരണകൂടത്തിന്റെയും പുതിയ പ്രസ്താവനകള്‍ മേഖലയില്‍ വീണ്ടും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന്റെ നിലവിലെ രീതികള്‍ ഇനി പഴയതുപോലെ ആയിരിക്കില്ലെന്നും അതിന്റെ നിയന്ത്രണ സംവിധാനത്തിലും മാറ്റങ്ങളുണ്ടാകുമെന്നും അരാഗ്ചി പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമോയെന്ന ആശങ്കയ്ക്കിടെയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ പ്രസ്താവനകള്‍ പുറത്തുവരുന്നത്. ഇറാന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അമേരിക്കയുടെ സൈനിക വിന്യാസവും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആരാണ് നേതൃത്വം നല്‍കുകയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം, ആഗോള എണ്ണവിതരണം, മേഖലയിലെ സമാധാനശ്രമങ്ങള്‍ എന്നിവയിലേക്കും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിക്കാനിടയുണ്ട്.

Trump says Iran has no leaders: ‘With whom should I hold talks?’

Share Email
LATEST excelnclexrn
More Articles
Top