Caritas hospital

ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വെളിപ്പെടുത്തല്‍

ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വെളിപ്പെടുത്തല്‍

വാഷിംഗടണ്‍: ഫെബ്രുവരിയില്‍ ആരംഭിച്ച അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ പുതിയ പ്രതികരണവുമായി ട്രംപ്. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്നു വ്യക്തമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇറാനെതിരായ ഉപരോധം പൂര്‍ണതോതില്‍ തുടരുമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ പെന്റഗണ്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇതോടെ പുതിയ യുഎസ് ആക്രമണസാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ വര്‍ധനയും ശ്രദ്ധേയമായി.

ഇറാന്‍ സാമ്പത്തികമായും സൈനികമായും വളരെ മോശം അവസ്ഥയിലാണെന്നും ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസ് പെന്റഗണിനോട് ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടതായി ‘ദി അറ്റ്‌ലാന്റിക്’ മാസിക ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ റിപ്പോര്‍ട്ട് ‘ന്യൂയോര്‍ക്ക് ടൈംസി’ലും വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.

ആഗോള എണ്ണവ്യാപാരത്തിന്റെ നിര്‍ണായക പാതയായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷവും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. ഖത്തറിന്റെ വടക്കന്‍ തീരത്തിന് സമീപം സഞ്ചരിച്ച എണ്ണക്കപ്പലിന് ഒന്നിലധികം പ്രൊജക്ടൈലുകള്‍ പതിച്ചതായി ബ്രിട്ടീഷ് മാരിടൈം ഏജന്‍സിയായ യുകെഎംടിഒ ബുധനാഴ്ച അറിയിച്ചിരുന്നു. സംഭവത്തില്‍ ആളപായമുണ്ടായതായും റിപ്പോര്‍ട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല.

ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്നത് അമേരിക്കന്‍ വോട്ടര്‍മാരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ധനവില കുറയുമെന്ന അദ്ദേഹത്തിന്റെ ഉറപ്പുകള്‍ വോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചിട്ടില്ല. നവംബര്‍ മൂന്നിലെ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസിലെ നിലവിലെ ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരവധി പ്രചാരണ പരിപാടികളിലാണ് ട്രംപ് പങ്കെടുക്കുന്നത്. ജനപ്രതിനിധിസഭ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചാല്‍ മൂന്നാം തവണയും ഇംപീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ലോസ് ആഞ്ചലസ്, സാന്‍ ഡിയേഗോ നഗരങ്ങളെ ഇറാന് ആക്രമിക്കാനാകുമെന്ന തരത്തില്‍ ഈ ആഴ്ച നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദത്തിലും ട്രംപ് വിശദീകരണം നല്‍കി. തന്റെ വാക്കുകള്‍ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന് ആണവായുധം ലഭിക്കാതിരിക്കാനായി ഇന്ധനവിലയില്‍ താല്‍ക്കാലിക വര്‍ധന ഉണ്ടാകുന്നത് ചെറിയ വിലയാണെന്നും ഇറാന്‍ ലോസ് ആഞ്ചലസിനെയോ സാന്‍ ഡിയേഗോയെയോ ആക്രമിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതിലും വലുതായിരിക്കുമെന്നും വ്യക്തമാക്കാനാണ് ശ്രമിച്ചതെന്ന് ട്രംപ് പറഞ്ഞു.

Trump says Iran will not be attacked before the midterm elections; reveals that talks with Iran are underway.

Share Email
LATEST excelnclexrn
More Articles
Top