യൂട്ടാ:യുഎസിലെ യൂട്ടായില്‍ നടക്കുന്ന മോവാബ് 240 അള്‍ട്രാമാരത്തണില്‍ പങ്കെടുത്ത താരങ്ങളെ കനത്ത മഴയെ തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ഞായറാഴ്ചയാണ്കു ടുങ്ങിക്കിടന്നവരെ ഒഴിപ്പിച്ചത്. ദുര്‍ഘടമായ പാതകളിലൂടെ നടക്കുന്ന മത്സരത്തിനിടെ ശക്തമായ മഴ പെയ്തതോടെ ചില പ്രദേശങ്ങളില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതായി അധികൃതര്‍ അറിയിച്ചു. സാന്‍ ജുവാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് മത്സര സംഘാടകരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
മത്സരത്തിന്റെ സംഘാടകരായ ഡെസ്റ്റിനേഷന്‍ ട്രെയില്‍ ഞായറാഴ്ച ഉച്ചയോടെ പുറത്തുവിട്ട അറിയിപ്പില്‍, കുടുങ്ങിക്കിടന്നവരില്‍ അവസാന സംഘത്തെയും ബസുകളില്‍ ഒഴിപ്പിച്ചുവരികയാണെന്ന് വ്യക്തമാക്കി. ബിയേഴ്‌സ് ഇയേഴ്‌സ് ദേശീയ സ്മാരക മേഖലയിലെ ബ്രിഡ്ജര്‍ ജാക്ക് മെസയ്ക്ക് സമീപമുള്ള സ്ഥലത്തായിരുന്നു അവസാന സംഘം കുടുങ്ങിയിരുന്നത്. കനത്ത മഴയും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാക്കി. ഓട്ടക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഒഴിപ്പിക്കലിന് മുന്‍ഗണന നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ മാസങ്ങളോളം പരിശീലനം നടത്തുകയും ദൂരദേശങ്ങളില്‍നിന്ന് എത്തുകയും ചെയ്തവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായ സംഭവത്തില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു. കാലാവസ്ഥ അനുകൂലമല്ലാതായതോടെ എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ഡെസ്റ്റിനേഷന്‍ ട്രെയില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
389 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഠിനമായ അള്‍ട്രാമാരത്തണാണ് മോവാബ് 240. മരുഭൂമികള്‍, മലയിടുക്കുകള്‍, വഴുക്കലുള്ള പാറപ്രദേശങ്ങള്‍, രണ്ട് പര്‍വതനിരകള്‍ എന്നിവയിലൂടെ കടന്നുപോകുന്ന മത്സരമാണിത്. കാന്യണ്‍ലാന്‍ഡ്‌സ്, ആര്‍ച്ചസ് ദേശീയോദ്യാനങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വെള്ളിയാഴ്ച യൂട്ടായിലെ മോവാബില്‍ ആരംഭിച്ച മത്സരം ചൊവ്വാഴ്ച അവസാനിക്കാനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം, അതിശക്തമായ റേച്ചല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ അമേരിക്കയില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കവും തുടരുകയാണ്. യൂട്ടാ, അരിസോണ, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ശക്തമായതും ഈ മത്സരത്തെ ബാധിച്ച പ്രതികൂല കാലാവസ്ഥയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
Ultramarathon runners stranded in heavy rain; 70 rescued, race in jeopardy.



















