ന്യൂയോർക്ക്: ട്രഷറി ആദായം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുഎസ് ബാങ്കുകൾ തങ്ങളുടെ ബോണ്ട് നിക്ഷേപങ്ങളിൽ വർദ്ധിച്ചുവരുന്ന നഷ്ടം നേരിടുന്നതായി റിപ്പോർട്ട്. കൈവശമുള്ള കോടിക്കണക്കിന് രൂപയുടെ ബോണ്ടുകൾ നഷ്ടത്തിൽ വിൽക്കുകയോ അതോ നഷ്ടം ബാലൻസ് ഷീറ്റിൽ നിലനിർത്തി മുന്നോട്ടുപോവുകയോ ചെയ്യുക എന്ന രണ്ട് പ്രതിസന്ധികൾക്ക് മുന്നിലാണ് ബാങ്കുകൾ ഇപ്പോൾ എത്തിനിൽക്കുന്നത്.
ബോണ്ടുകൾ വിൽക്കാൻ തീരുമാനിച്ചാൽ ബാങ്കുകൾക്ക് തങ്ങളുടെ നഷ്ടം ഉടൻ തന്നെ അംഗീകരിക്കേണ്ടി വരും. എന്നാൽ ബോണ്ടുകൾ കൈവശം വെക്കുന്നത് വഴി നഷ്ടം ബാലൻസ് ഷീറ്റിൽ തന്നെ തുടരുകയും, ഇത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുകയും നിക്ഷേപകർക്ക് നൽകാനുള്ള ലാഭവിഹിതത്തെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന പലിശനിരക്കും ദീർഘകാല ട്രഷറി ആദായത്തിലെ വർദ്ധനവും ബാങ്കുകളുടെ മൂലധന ശക്തിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് സാക്സ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ബ്രയാൻ മൾബറി വ്യക്തമാക്കി.
വിൽപ്പന നടത്താത്ത നിക്ഷേപങ്ങളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്താൻ ബാങ്കുകൾ ‘AOCI’ (accumulated other comprehensive income) എന്ന അക്കൗണ്ടിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഈ വർഷം രണ്ടാം പാദത്തിൽ യു.എസ് ബാങ്കുകളുടെ സംയോജിത AOCI നഷ്ടം 156.64 ഡോളർ കോടിയായിരുന്നു. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ പുരോഗതിയുണ്ടെങ്കിലും ബാങ്കിംഗ് മേഖല ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. മൂന്നാം പാദത്തിൽ ട്രഷറി ആദായത്തിൽ ഉണ്ടായ കുതിച്ചുചാട്ടം സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം. ആഗോളതലത്തിൽ വായ്പാ ചെലവുകളുടെ പ്രധാന മാനദണ്ഡമായ 10 വർഷത്തെ ട്രഷറി ആദായം 1994 ന് ശേഷമുള്ള ഏറ്റവും വലിയ മൂന്നാം പാദ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം, വിൽക്കാത്ത ബോണ്ടുകളുടെ നഷ്ടം ജൂൺ അവസാനത്തിലെ 85 ഡോളർ കോടിയിൽ നിന്ന് സെപ്റ്റംബർ അവസാനമായപ്പോഴേക്കും 109 ഡോളർ കോടിയായി വർദ്ധിച്ചു. കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെക്കാൻ ഉദ്ദേശിക്കുന്ന ‘held to maturity’ വിഭാഗത്തിൽ പെടുന്നവയാണ് ഇതിൽ ഭൂരിഭാഗം ബോണ്ടുകളും.
ബോണ്ട് വിലയും ട്രഷറി ആദായവും എതിർദിശയിലാണ് സഞ്ചരിക്കുന്നത്. ബോണ്ട് ആദായം വർദ്ധിക്കുമ്പോൾ നിലവിലുള്ള ബോണ്ടുകളുടെ വില കുറയുന്നു. ഇത് ബാങ്കുകൾക്ക് കൂടുതൽ നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതേസമയം, നിലവിലുള്ള കുറഞ്ഞ ബോണ്ടുകൾ വിറ്റ് ഉയർന്ന ലാഭം തരുന്ന പുതിയ ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ കൂടുതൽ മൂലധനം ഉണ്ടാക്കാൻ സഹായിക്കുമെന്ന് ഗബെല്ലി ഫണ്ട്സിലെ പോർട്ട്ഫോളിയോ മാനേജർ മാക്രേ സൈക്സ് അഭിപ്രായപ്പെടുന്നു.



















