തിരുവനന്തപുരം: വിജിലൻസ് വിഭാഗത്തിലെ വിവരാവകാശ നിയന്ത്രണത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമേറ്റെടുത്ത് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ അഴിമതികൾ മറച്ചുവെക്കാനാണ് യുഡിഎഫ് സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നടപടിക്ക് എഐസിസിയുടെ മൗനാനുവാദമുണ്ടോയെന്നും പിണറായി ചോദിച്ചു.
രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചുകൊടുക്കുന്നതിന് തുല്യമാണ് നടപടിയെന്നും പിണറായി ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് രേഖകൾ പുറത്തുവന്ന് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിനു പിന്നാലെ ഇറങ്ങിയ വിജ്ഞാപനം, ഭരണത്തിന്റെ തണലിൽ അഴിമതി നടത്തുന്ന ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവരാവകാശ നിയമം തങ്ങളുടെ ‘തറവാട്ടുസ്വത്ത്’ ആണെന്ന് അവകാശപ്പെട്ട കോൺഗ്രസ്, അതേ നിയമത്തിനെതിരെ നിലപാടെടുക്കുകയാണെന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദവും ഇടപെടലുമാണ് യുപിഎ ഭരണകാലത്ത് വിവരാവകാശ നിയമം രാജ്യത്ത് നടപ്പാക്കുന്നതിൽ നിർണായകമായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം ക്രമക്കേടുകൾ പുറത്തുവരാൻ വിവരാവകാശ നിയമം കാരണമാകുമെന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നതെന്നും പിണറായി ആരോപിച്ചു.
ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയപ്പെടുന്നുണ്ടെങ്കിൽ അഴിമതിയുടെ വേരുകൾ എത്രത്തോളം ആഴത്തിൽ പടർന്നിട്ടുണ്ടാകുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള നീക്കത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ കേരളത്തിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

















