മലപ്പുറം: മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ സൗന്ദര്യവര്‍ധക ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17-കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്കാണ് മെര്‍ക്കുറിയുടെ അമിത സാന്നിധ്യവുമായി ബന്ധപ്പെട്ട് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന വൃക്കരോഗം കണ്ടെത്തിയത്.
സമൂഹമാധ്യമങ്ങളിലെ സ്വാധീനമുള്ള വ്യക്തികള്‍ പ്രചരിപ്പിക്കുന്ന ഫെയര്‍നസ് ക്രീമാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈന്‍ വഴിയാണ് ക്രീം വാങ്ങിയത്. അടുത്തിടെ കടുത്ത ക്ഷീണം, തലവേദന, ശരീരത്തില്‍ നീര് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ മെര്‍ക്കുറിയുടെ അളവ് അപകടകരമായ നിലയില്‍ ഉയര്‍ന്നതായി കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഉള്‍പ്പെടെ നിരവധി പേര് സമാനമായ ക്രീം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ ഇത്തരം സൗന്ദര്യവര്‍ധക ഉല്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ക്രീമിന്റെ സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ അനുവദനീയമായ അളവിനെക്കാള്‍ വളരെ കൂടുതലായി മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്നാണ് സൂചന. അന്തിമ പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ചില സൗന്ദര്യവര്‍ധക ഉല്പന്നങ്ങളില് അടങ്ങിയിരിക്കുന്ന മെര്‍ക്കുറി ചര്‍മ്മത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കകളിലെ അരിപ്പകളെ തകരാറിലാക്കുന്നതിലൂടെ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. ഗുരുതരമായ സാഹചര്യങ്ങളില്‍ വൃക്കകളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഓണ്‍ലൈന്‍ പരസ്യങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും മാത്രം വിശ്വസിച്ച് സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് വാങ്ങി ഉപയോഗിക്കരുതെന്നും അവയുടെ ഘടകങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രത്യേകിച്ച് മെര്‍ക്കുറി പോലുള്ള വിഷാംശങ്ങള്‍ അടങ്ങിയ ഉല്പന്നങ്ങള് ദീര്‍ഘകാലം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
















