ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്ന് രാഹുൽ, കോൺഗ്രസ് നിലപാടിൽ ഭിന്നത പ്രകടം, വിമർശനം

ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്ന് രാഹുൽ, കോൺഗ്രസ് നിലപാടിൽ ഭിന്നത പ്രകടം, വിമർശനം

ദില്ലി: ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള കോൺഗ്രസ് നിലപാടിൽ ഭിന്നത പ്രകടമാകുന്നു. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും, സായുധ സേനയ്ക്കായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയം രൂപീകരിക്കേണ്ടതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ രാഷ്ട്രീയ ശാസ്ത്രജ്ഞൻ പ്രൊഫസർ റോബർട്ട് പേപ്പുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഇസ്രയേലുമായുള്ള ബന്ധം തുടരുന്നത് ഗാസയിലെ വിഷയങ്ങളിൽ മൗനം പാലിക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെയും നിരപരാധികളെ കൊന്നൊടുക്കിയതിനെയും അപലപിച്ച രാഹുൽ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും വിമർശിച്ചു. ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും ഇന്ത്യ വിശ്വസിക്കുന്ന മൂല്യങ്ങൾക്കായി നിലകൊള്ളണമെന്നും അദ്ദേഹം എക്സിലൂടെയും വ്യക്തമാക്കി.

എന്നാൽ, ഗാസയിലെ ഇസ്രയേൽ നടപടികളെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിക്കുകയും ഇസ്രയേൽ വിരുദ്ധ നിലപാട് കടുപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സമീപനത്തിൽ നിന്ന് വ്യത്യസ്തമാണ് രാഹുലിന്റെ ഈ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഇടതുപക്ഷ നേതാക്കളും സഖ്യകക്ഷികളും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ നിലപാട് മോദി സർക്കാരിന്റെ ഇസ്രയേൽ അനുകൂല സമീപനത്തിന് സമാനമാണെന്നും കോൺഗ്രസിന്റെ നിലപാടിലെ വൈരുധ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സി.പി.എം നേതാവ് പിണറായി വിജയൻ, സി.പി.ഐ (എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവർ രാഹുലിന്റെ പ്രസ്താവനയെ വിമർശിച്ചു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചുവരുന്ന പരമ്പരാഗത നിലപാടിൽ നിന്നുള്ള വ്യതിയാനമാണിതെന്നും വിമർശനമുയരുന്നുണ്ട്.

Share Email
LATEST excelnclexrn
More Articles
Top