തൃശൂര്‍: ചൂരല്‍ മല ദുരന്തം ഉറ്റവരെ മുഴുവന്‍ കവര്‍ന്നെടുത്തതിനു പിന്നാലെ ഒന്നിനുപുറകെ ഒന്നായി ദുരിതങ്ങള്‍ സമ്മാനിച്ച് ശ്രുതി ഇനി പുതു ജീവിതത്തിലേക്ക്. ദുരന്തം തകര്‍ത്ത ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ പുതിയ അധ്യായം. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതി സുരേഷിന്റെ ജീവിതത്തില്‍ ഇന്ന് അത്തരമൊരു പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. സങ്കടക്കടലുകള്‍ താണ്ടിയെത്തിയ ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദീപ് ശങ്കറിന് ജീവിതപങ്കാളിയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കറാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ നടന്ന വിവാഹം ഏറെ സന്തോഷത്തോടെയും പ്രാര്‍ഥനകളോടെയുമാണ് നാട് ഏറ്റെടുത്തത്.
ശ്രുതിയുടെ ജീവിതത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മുന്‍ റവന്യൂ മന്ത്രി കെ. രാജനായിരുന്നു. ശ്രുതിയുടെ വിവാഹം എല്ലാവര്ക്കും സന്തോഷം നല്കുന്ന അനുഭവമാണെന്നും എല്ലാ ഘട്ടങ്ങളിലും അവള്‍ക്കൊപ്പം നില്ക്കാന് കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് ജോലി ചെയ്യുന്ന ഒരാളുടെ കൈകളിലേക്ക് ശ്രുതിയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് രാജന് വ്യക്തമാക്കി. ‘
ഒരു നാടിനെത്തന്നെ തുടച്ചുനീക്കിയ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ഒരു നിമിഷം കൊണ്ട് സ്വന്തം ലോകം ഇല്ലാതായപ്പോള്‍ അവള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ഉണ്ടായിരുന്നത് പ്രിയപ്പെട്ട ജെന്‍സനായിരുന്നു. ഇരുവരുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വിധി വീണ്ടും ക്രൂരത കാട്ടി. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഹനാപകടത്തില്‍ ജെന്‍സനും മരണത്തിന് കീഴടങ്ങി. ജീവിതത്തില്‍ താങ്ങായി നിന്ന പ്രിയപ്പെട്ടവനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വേദന കേരളമാകെ ഏറ്റുവാങ്ങുകയായിരുന്നു.
തുടര്‍ച്ചയായ ദുരന്തങ്ങളില്‍ തളര്‍ന്നുപോയ ശ്രുതിയെ ചേര്‍ത്തുപിടിക്കാന്‍ കേരളം ഒന്നാകെയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലി നല്കി അവള്‍ക്ക് പുതിയൊരു ജീവിതത്തിന്റെ അടിത്തറയൊരുക്കി. ഇപ്പോള്‍ ആ സ്നേഹത്തിന്റെയും കരുതലിന്റെയും നടുവില്‍ സന്ദീപിന്റെ കൈപിടിച്ച് ശ്രുതി ജീവിതത്തിലേക്ക് വീണ്ടും ചുവടുവെക്കുകയാണ്. കഴിഞ്ഞുപോയ വേദനകള്‍ മായ്ച്ചുകളയാനാകില്ലെങ്കിലും മുന്നിലുള്ള ദിനങ്ങള്‍ സന്തോഷം നിറഞ്ഞതാകട്ടെയെന്ന പ്രാര്‍ഥനയിലാണ് നാടൊന്നാകെ. കണ്ണീരില്‍ കുതിര്‍ന്ന ഇന്നലെകളെ അതിജീവിച്ച് പ്രതീക്ഷയുടെ പുതിയ പുലരിയിലേക്ക് നടന്നുകയറുന്ന ശ്രുതിക്ക് ആശംസകളുമായി കേരളം മുഴുവന്‍ ഒപ്പമുണ്ട്.
A new chapter of happiness for Sruthi: Sandeep tied the thali on Sruthi at Guruvayur.
















