വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ വൈറ്റ് ഹൗസിൽ നിർണായക അഴിച്ചുപണിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ ആ പദവിയിൽ നിന്നും ഒഴിവാക്കി. സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. നവംബർ ഒൻപത് തിങ്കളാഴ്ച മുതൽ മില്ലർ പുതിയ ചുമതലയിൽ പ്രവേശിക്കും.
സ്ഥാനമൊഴിയുന്ന സൂസി വൈൽസ് ട്രംപിന്റെ രാഷ്ട്രീയ പ്രവർത്തന വിഭാഗത്തിലേക്ക് മാറും. 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ നിയമനമായിരുന്നു വൈൽസിന്റേത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കിയിരുന്നു. തന്റെ വിശ്വസ്ത ഉപദേശകരിൽ ഒരാളായ സ്റ്റീഫൻ മില്ലർ പുതിയ ചുമതലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞു. വൈൽസിന്റെ സേവനങ്ങൾക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ചുമതല ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ വൈൽസും പ്രതികരണവുമായി രംഗത്തെത്തി. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അവർ പറഞ്ഞു. അതിർത്തി സുരക്ഷ ശക്തമാക്കൽ, നികുതി കുറയ്ക്കൽ, സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തൽ, അമേരിക്കൻ താൽപര്യങ്ങൾക്ക് മുൻഗണന നൽകൽ തുടങ്ങിയ നേട്ടങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വൈൽസ് വ്യക്തമാക്കി. പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ ദൗത്യത്തോടുമുള്ള പ്രതിബദ്ധത തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസിഡൻസി കാലയളവിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ തുടർന്ന വ്യക്തിയാണ് വൈൽസ്. ആദ്യ ഭരണകാലത്ത് നാല് പേരാണ് ഈ പദവിയിലെത്തിയത്.
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് ട്രംപ് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് മില്ലറുടെ നിയമനം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റൂബിയോയെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ് ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവായ സ്റ്റീഫൻ മില്ലർ. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അദ്ദേഹം ട്രംപിന്റെ സംഘത്തിലെത്തിയത്. നിലവിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കുന്ന മില്ലർ, ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന ശിൽപികളിലൊരാളായാണ് അറിയപ്പെടുന്നത്. . ജനുവരിയിൽ കുടിയേറ്റ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് മില്ലർക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട മില്ലറെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അഭിനന്ദിച്ചു.
After Midterm Rout, Trump Announces Stephen Miller As New Chief Of StaffSusie Wiles, the outgoing Chief of Staff
















