ന്യൂജേഴ്സി: ഹൈസ്കൂള്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 19കാരന് കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഹാക്കന്‍സാക്ക്, ടീനെക്ക് ഹൈസ്കൂളുകള്‍ തമ്മില്‍ നടന്ന വാര്‍ഷിക ടര്‍ക്കി ബൗള്‍ മത്സരത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്.. രാത്രി 7.15ഓടെ മത്സരത്തിന്റെ ഇടവേളസമയത്ത് ഗ്രൗണ്ടിന് സമീപമുള്ള ക്രാന്‍ഫോര്‍ഡ് പ്ലേസില്‍ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെടിവെപ്പിനെ തുടര്‍ന്ന് കാണികള്‍ ചിതറിയോടിയതോടെ ആഘോഷാന്തരീക്ഷം ഭീതിയിലായി. തര്‍ക്കത്തിനിടെ ഒരാള്‍ തോക്ക് പുറത്തെടുത്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് സ്കൂളുകള്‍ തമ്മിലുള്ള മത്സരവൈരവുമായി ബന്ധമില്ലെന്നും ഇത് സ്കൂളിന് പുറത്തുള്ള പ്രശ്നമാണെന്നും അക്രമത്തിന് കായികമത്സരങ്ങളുമായി ബന്ധമില്ലെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.
സംഭവത്തില്‍ ടീനെക്ക്, ഹാക്കന്‍സാക്ക് നഗരങ്ങളിലെ മേയര്‍മാര്‍ സംയുക്ത പ്രസ്താവനയിലൂടെ ദുഃഖം രേഖപ്പെടുത്തി. അക്രമത്തിന് സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ മുഖത്താണ് വെടിയേറ്റതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം. യുവാവിന്റെ പേര് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Shooting during a high school football game in New Jersey; 19-year-old meets a tragic end.
















