മാര്ട്ടിന് വിലങ്ങോലില്‍
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ (215 N Macneil St, San Fernando, CA 91340) മിഷന് രജതജൂബിലി (2001-2026) ആഘോഷങ്ങള്‍ 2026 നവംബര്‍ 28 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍, ശനിയാഴ്ച വൈകുന്നേരം 3:00 മണിക്ക് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം 6:45-ന് ജൂബിലി സമ്മേളനവും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
25 വര്‍ഷത്തെ വിശ്വാസവഴികള്‍: 2001 നവംബര്‍ 3-നാണ് ലോസ് ആഞ്ചലസില്‍ സീറോ മലബാര്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പ്രഥമ മിഷന് ഡയറക്ടറായിരുന്ന ഫാ. പോള്‍ കോട്ടയ്ക്കലിന്റെ നേതൃത്വത്തില്‍ ആദ്യ മിഷന് തുടങ്ങി.
തുടര്‍ന്ന് 2008-ല്‍ ആദ്യ ദേവാലയം വാങ്ങി ഇടവകയായി ഉയര്‍ന്നു. അന്നത്തെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ആ ദേവാലയം വെഞ്ചരിച്ചു നല്‍കിയത്.
ഇടവക വളര്‍ന്നതോടെ 2017-2018 കാലഘട്ടത്തില്‍ പുതിയ ദേവാലയം വാങ്ങുകയും, 2018 ഫെബ്രുവരി 3-ന് ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇപ്പോഴത്തെ ദേവാലയം വെഞ്ചരിച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. നിലവില്‍ 118 കുടുംബങ്ങള്‍ ഈ ഇടവകയില്‍ അംഗങ്ങളാണ്.
ഇടവകയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ പ്രഥമ മിഷന് ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, മുന്‍ വികാരിമാരായ ഫാ. കുര്യാക്കോസ് വടാന, ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ എന്നിവരുടെ സേവനങ്ങള്‍ ജൂബിലി വേളയില്‍ അനുസ്മരിക്കും.
ജൂബിലി ആഘോഷങ്ങളില്‍ ബിഷപ്പ് മാര്‍. ജോയ് ആലപ്പാട്ടിനൊപ്പം, ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. കുര്യാക്കോസ് വടാന, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ദേവസ്യ പൈനാടത്ത്, ഫാ. ഷിന്റോ സെബാസ്റ്റ്യന്‍, ഫാ. ദിലീപ് സെബാസ്റ്റ്യന്‍, ഫാ. മാര്ട്ടിന് വരിക്കാനാനിക്കല്, ഫാ. നോബര്‍ട്ട് ജോസഫ് തുടങ്ങിയ വൈദികരും സഹകാര്‍മികരാകും.
ഇടവക ട്രസ്റ്റിമാരായ സോണി അറയ്ക്കല്‍, ഷെല്ലി മേച്ചേരി, കുര്യന് പാലിയേക്കര, കുര്യന് മറ്റപ്പള്ളി, സെക്രട്ടറി റിബി സുരേഷ് എന്നിവരും, ജൂബിലി കണ്‍വീനര്‍ ടോമി പൊട്ടുകളത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളുമാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Silver Jubilee celebrations at St. Alphonsa Syro-Malabar Church, Los Angeles, to be held on November 28; Mar Joy Alappatt will be the principal celebrant.
















