ബാല നര്‍മ്മകഥ ‘പോക്കറ്റ് മണിയും അണ്ടി മോഷണവും’

ബാല നര്‍മ്മകഥ ‘പോക്കറ്റ് മണിയും അണ്ടി മോഷണവും’

എ.സി.ജോര്‍ജ്

ഞാന്‍ അടുത്തകാലത്ത് അമേരിക്കയില്‍ നിന്ന് ജന്മനാടായ കേരള സന്ദര്‍ശനത്തിന് പോയി. ബോംബുകളും മിസൈലുകളും പരസ്പരം തൊടുത്തു വിടുന്നതിനിടയിലും, യുദ്ധത്തിന്റെ കരിനിഴലും ഭീതിയും നിലനില്‍ക്കുമ്പോഴും ഗൃഹാതുര ചിന്തകള്‍ വീണ്ടും എന്നെ ഒരു കേരള സന്ദര്‍ശനത്തിന് പ്രേരണ നല്‍കി എന്ന് പറയാം. പണ്ടൊക്കെ അമേരിക്കന്‍ മലയാളി എന്ന് പറഞ്ഞാല്‍ ഒരു കസേര കിട്ടുമായിരുന്നു. ഇന്നൊക്കെ അങ്ങനെ പറഞ്ഞാല്‍ മറ്റു വല്ലതും ആയിരിക്കും കിട്ടുക. അതിനൊക്കെ കാരണം നമ്മുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആണ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അന്തവും കുന്തവും ഇല്ലാത്ത ചില നയങ്ങള്‍ ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എനിക്ക് ഇക്കാര്യത്തെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ല. ഞാനൊന്നും പറയുന്നുമില്ല ഒന്നും രേഖപ്പെടുത്തുന്നുമില്ല. ഇതൊക്കെയാണെങ്കിലും ഇന്നും അമേരിക്കയിലേക്ക് ഒരു വിസാ കിട്ടി ഇരച്ചു കയറാന്‍ കാത്തിരിക്കുന്ന ജനങ്ങളാണ് അവിടെയും ഉള്ളത്.

ഞാന്‍ നാട്ടിലെത്തിയാല്‍ സാധാരണയായി താമസിക്കുന്ന എറണാകുളത്തു നിന്ന് ചില അവസരത്തില്‍ ബസ് കയറി മൂവാറ്റുപുഴയിലെത്തി മറ്റൊരു ബസില്‍ കയറി പൈങ്ങോട്ടൂര്‍ എന്ന എന്റെ ജന്മ നാട്ടിലെത്തുക എന്നതാണു പതിവ്. ബസ് ആകുമ്പോള്‍ വലിയ വാഹനമാണല്ലോ. കാറിന്റെ അത്രയും കുടുക്കവും റിസ്‌ക്കും , ഇല്ലല്ലോ. പിന്നെ ഗൃഹാതുര ചിന്തകളൊക്കെ വരുമ്പോള്‍ ബസ്സില്‍ കയറുന്നത് ആണല്ലോ ഒരു ത്രില്ല്. ഇപ്രാവശ്യം എറണാകുളത്തു നിന്ന് ബസ്സില്‍ കയറിയപ്പോള്‍ സ്ത്രീ ജനങ്ങള്‍ തീരെ കുറവ്. കാരണം അവിടെ ഇപ്പോള്‍ സ്ത്രീ ജനങ്ങള്‍ക്ക് മാത്രമായി ടിക്കറ്റ് എടുക്കാതെ ഫ്രീ ആയി ചില ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ കയറാമല്ലോ. അങ്ങനെ മൂവാറ്റുപുഴ കച്ചേരി താഴത്ത് ഇറങ്ങിയ ഞാന്‍ മറ്റൊരു ലോക്കല്‍ ബസ്സില്‍ കയറി ജനിച്ചു വളര്‍ന്ന പൈങ്ങോട്ടൂര്‍ ഗ്രാമത്തിലെത്തി.

ഇനി ഒന്ന് രണ്ട് സുഹൃത്തുക്കളെ സന്ദര്‍ശിക്കണം, ബന്ധുവീടുകളില്‍ പോകണം. അടുത്ത ഇടവഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. ഇടവഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന കശുഅണ്ടി മരം, കപ്പലാവില്‍ നിന്ന് ഒരു കാക്ക കാഷ്ടിച്ചത് തലയില്‍ വീണു. അതിനൊപ്പം ഒരു കശുഅണ്ടിയും. താഴെക്കണ്ട അരുവിയില്‍ ഇറങ്ങി തലയിലെയും ഷര്‍ട്ടിലെയും കാക്ക കാഷ്ടം കഴുകുന്നതിനിടയില്‍ ചിന്തകള്‍ വളരെ പഴയ ബാല്യ കാലങ്ങളിലേക്ക് ചിറകടിച്ചു ഊഴിയിട്ട് ഇറങ്ങി. കുട്ടിക്കാലം, പ്രൈമറി മിഡില്‍ സ്‌കൂള്‍ കാലഘട്ടം.
മീനമാസത്തിലെ വെയിലിന് ചൂടുപിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ഞങ്ങളുടെ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് ഉത്സവകാലമായി. സ്‌കൂള്‍ വാര്‍ഷിക പരീക്ഷയുടെ ചൂടിനേക്കാള്‍ ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നത് വഴിയരികിലും പറമ്പുകളിലും പഴുത്തു തുടുത്തു നില്‍ക്കുന്ന കശുഅണ്ടി മരങ്ങകളായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ‘പോക്കറ്റ് മണി’ തരാന്‍ അച്ഛനമ്മമാരുടെ കയ്യില്‍ കാശുണ്ടായിരുന്നില്ല; എവിടെയെങ്കിലും പോയി പിക്ക് പോക്കറ്റ് അടിക്കാനുള്ള അറിവോ ധൈര്യമോ കൗശലമോ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. പകരം ഞങ്ങളുടെ സ്വന്തം ‘ബാങ്ക്’ ആയിരുന്നു, അല്ലെങ്കില്‍ കല്പക വൃക്ഷമായിരുന്നു ആ കശുവണ്ടി മരങ്ങള്‍!
ഞങ്ങളുടെ സംഘത്തിന്റെ തലവന്‍ അപ്പുക്കുട്ടനായിരുന്നു. കൂടെ എന്തിനും ഏതിനും തയ്യാറായി ചാക്കോച്ചനും, വഴിയരികില്‍ വീണുകിടക്കുന്ന അണ്ടി മിന്നല്‍ വേഗത്തില്‍ പെറുക്കിയെടുക്കാന്‍ മിടുക്കിയായ അമ്മിണിയും, കാവല്‍ നില്‍ക്കാന്‍ ലീലയും ഉണ്ടാകും.

രാവിലെ പള്ളിക്കൂടത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ നിക്കറിന്റെ പോക്കറ്റില്‍ അത്യാവശ്യം നല്ല ഉരുണ്ട കല്ലുകളും കയ്യില്‍ നീളമുള്ള ഒരു കമ്പും ഉണ്ടാകും. സ്‌കൂളിലേക്കുള്ള ഇടവഴിയിലെ ഏറ്റവും വലിയ കശുമാവ് നിന്നിരുന്നത് ശങ്കരന്‍ നായരുടെ പറമ്പിന്റെ അതിരിലായിരുന്നു. ആരുടെ മരമാണെന്നൊന്നും അന്ന് ആരും ചിന്തിക്കാറില്ല; വഴിവക്കിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കൊമ്പുകളെല്ലാം നാട്ടുകാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ പൊതുസ്വത്താണെന്നായിരുന്നു ഞങ്ങളുടെ അലിഖിത നിയമം!
‘ശങ്കരന്‍ നായര്‍ ഉമ്മറത്തില്ല, വേഗം കല്ലെടുക്ക്!’ അപ്പുക്കുട്ടന്‍ സിഗ്‌നല്‍ നല്‍കും. പിന്നെ ഒരേറാണ്. കല്ലും കോലും മരക്കൊമ്പുകളിലേക്ക് ചീറിപ്പായും. പഴുത്ത മഞ്ഞയും ചുവപ്പും നിറമുള്ള കശുഅണ്ടികള്‍ പൊഴിഞ്ഞുവീഴുമ്പോള്‍ അമ്മിണിയും ലീലയും ഓടിനടന്ന് അണ്ടി മാത്രം ഒടിച്ചെടുത്ത് നിക്കറിന്റെയും പാവാടയുടെയും പോക്കറ്റുകളിലേക്ക് തിരുകും. ഉയരമുള്ള കൊമ്പിലെ അണ്ടി പറിക്കാന്‍ ചാക്കോച്ചന്‍ അണ്ണാനെപ്പോലെ മരത്തില്‍ കയറും. മരത്തിന് മുകളിലിരുന്ന് ചാക്കോച്ചന്‍ നല്ല മധുരമുള്ള കശുമാങ്ങ കടിച്ച് തിന്നുന്നതിനിടയില്‍ താഴെ നില്‍ക്കുന്നവരുടെ തലയിലേക്ക് കശുമാങ്ങയുടെ ചണ്ടി ഇട്ടുകൊടുക്കുന്നതും പതിവായിരുന്നു.

ഒരു ദിവസം ഇതേപോലെ ‘ഓപ്പറേഷന്‍ കശുവണ്ടി’ തകൃതിയായി നടക്കുകയാണ്. അപ്പുക്കുട്ടന്‍ എറിഞ്ഞ ഒരു കല്ല് കശുഅണ്ടിക്ക് പകരം കൃത്യമായി കൊണ്ടത് മരത്തിന് താഴെ പതുങ്ങിവന്ന ശങ്കരന്‍ നായരുടെ കഷണ്ടിത്തലയിലേക്കായിരുന്നു!
‘എടാ കള്ളപ്പരിഷകളേ… നിങ്ങളെ ഇന്ന് ഞാന്‍…’ എന്ന അലര്‍ച്ച കേട്ടതും ചാക്കോച്ചന്‍ മരത്തില്‍ നിന്ന് താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു. പോക്കറ്റ് നിറയെ കശുവണ്ടിയുമായി ഞങ്ങള്‍ നാലുപേരും ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയില്‍ നിക്കറിന്റെ പോക്കറ്റ് കീറി അണ്ടികള്‍ വഴിനീളെ ചിതറിവീഴുന്നത് പോലും നോക്കാന്‍ നേരമില്ലായിരുന്നു. പിന്നാലെ വടിയുമായി ഓടിവന്ന ശങ്കരന്‍ നായര്‍ അണ്ടി പെറുക്കാനായി കുനിഞ്ഞ തക്കത്തിന് ഞങ്ങള്‍ ഇടവഴി തിരിഞ്ഞ് സ്‌കൂള്‍ വളപ്പിലേക്ക് കടന്നു രക്ഷപ്പെട്ടു!

ക്ലാസ് മുറിയില്‍ ഇരിക്കുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ നിക്കറിന്റെ പോക്കറ്റിലായിരുന്നു. ഇടയ്ക്കിടെ പോക്കറ്റില്‍ തപ്പി നോക്കി അണ്ടിയുടെ എണ്ണം തിട്ടപ്പെടുത്തും. കശുവണ്ടി കറ പുരണ്ട് കൈകളും നിക്കറും ആകെ കറുത്തിട്ടുണ്ടാകും, എങ്കിലും അതൊരു അലങ്കാരമായിരുന്നു.
വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ നേരെ ഓടുന്നത് കവലയിലെ കുഞ്ഞന്‍ ചേട്ടന്റെ കടയിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ ‘കറന്‍സി’ മാറുന്നത്. പോക്കറ്റില്‍ നിന്ന് വാരിയെടുക്കുന്ന കശുവണ്ടി ത്രാസില്‍ തൂക്കി കുഞ്ഞന്‍ ചേട്ടന്‍ പകരം തരുന്നത് ചില്ലുഭരണിയില്‍ ഇരിക്കുന്ന നാരങ്ങാ മിട്ടായിയും, കപ്പലണ്ടി മിട്ടായിയും, പുളിമിട്ടായിയുമൊക്കെയാണ്. ആ മിട്ടായി നുണഞ്ഞുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്.

ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ പളപളപ്പന്‍ കവറുകളില്‍ വറുത്തുപ്പേരിയാക്കിയ കശുവണ്ടി കാണുമ്പോള്‍ ആ പഴയ കറപുരണ്ട നിക്കര്‍ പോക്കറ്റുകളും, ശങ്കരന്‍ നായരുടെ ഓട്ടവും, നാരങ്ങാ മിട്ടായിയുടെ മധുരവും ഓര്‍മ്മ വരും. കാലം മാറിയപ്പോള്‍ ആ കശുമാവുകളും വഴിയോരങ്ങളും അപ്രത്യക്ഷമായി; ഒപ്പം ആ നിഷ്‌കളങ്കമായ ബാല്യകാല കച്ചവടങ്ങളും! പക്ഷേ ഒന്നു പറയട്ടെ, അന്നത്തെ ആ കശുവണ്ടി മോഷണ ഓപ്പറേഷന്‍ നേതാവ് അല്ലെങ്കില്‍ ക്യാപ്റ്റന്‍ അപ്പുക്കുട്ടന്‍ ഇന്നീ സ്റ്റേറ്റിലെ ആഭ്യന്തര മന്ത്രിയാണ്. അതുപോലെ അന്നത്തെ ഓപ്പറേഷനിലെ പെണ്‍കുട്ടി നേതാവായിരുന്ന അമ്മിണി വനിതാ കമ്മീഷനിലൂടെ പടിപടിയായി ഉയര്‍ന്നു ഇന്നു കശുവണ്ടി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആണ്. അമേരിക്കയിലേക്ക് മടങ്ങുന്നതിനു മുമ്പ് അപ്പുക്കുട്ടന്‍ മന്ത്രിയെയും, ഉരുക്കുവനിതയായ കശുവണ്ടി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അമ്മിണിയെയും കാണണം. അവര്‍ ഈ പഴയ കശുവണ്ടി മോഷണ ഗ്രൂപ്പ് സതീര്‍ത്ഥ്യനെ ഓര്‍ക്കുമോ അറിയുമോ ആവോ? പണ്ടു കുചേലന്‍ അവല്‍പൊടിയുമായി ശ്രീകൃഷ്ണനെ കാണാന്‍ പോയ മാതിരി ഒന്ന് പോയി നോക്കാം. പറ്റിയാല്‍ ഒരു നൂറായിരം അമേരിക്കന്‍ പ്രവാസി മലയാളികളുടെ കേരള പ്രശ്‌നങ്ങള്‍ ഒന്ന് പരിഹരിക്കാന്‍ ഒരു അഭിമുഖവും കൂട്ടത്തില്‍ ഒരു നിവേദനവും കൊടുക്കാമല്ലോ?.

Children’s Humorous Story: ‘Pocket Money and the Theft of Cashew Nuts’

Share Email
Top