എറണാകുളം കുരീക്കാട് സ്വദേശിയായ 41-കാരനായ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണവും സാധനങ്ങളും കവർന്ന കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കൊച്ചി കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഡയസ് ഈറ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അതുല്യ ചന്ദ്ര, നടൻ ബിപിൻ പെരുമ്പള്ളി, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അതുല്യയും ബിപിനുമാണ് മുഖ്യ ആസൂത്രകർ.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അമ്മയുടെ സഹോദരിക്ക് അസുഖമാണെന്നും അടിയന്തരമായി എത്തണമെന്നും പറഞ്ഞ് സുഹൃത്ത് കൂടിയായ അതുല്യ ചന്ദ്രയാണ് ഡോക്ടറെ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിലെത്തിയ ഡോക്ടറെ അവിടെയുണ്ടായിരുന്ന 12 അംഗ സംഘത്തിലെ നടൻ ബിപിൻ പെരുമ്പള്ളിയാണ് പണം ആവശ്യപ്പെട്ട് ആദ്യം മർദിച്ചത്.
പണം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം നൽകാൻ വിസമ്മതിച്ച ഡോക്ടറെ കസേരയിലിരുത്തി വീണ്ടും മർദിക്കുകയുമായിരുന്നു. തുടർന്ന് ഡോക്ടറുടെ ഫോൺ ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളും കവർന്നു. ഡോക്ടറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവം ഹണി ട്രാപ്പ് ആണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Doctor Assaulted and Robbed in Kochi: Film Actors Arrested
















