പാലക്കാട്: മുതലമടയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്‍റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിൽ മദ്യപാനം നടന്നതെന്നാണ് ആരോപണം. മദ്യപിക്കുന്നതിനിടെ പ്രവർത്തകർ ഇവരെ പിടികൂടുകയായിരുന്നു.
സംഭവം ചോദ്യം ചെയ്ത പ്രവർത്തകരെ ലോക്കൽ സെക്രട്ടറി പിടിച്ചുതള്ളുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇതോടെ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി. പാർട്ടി ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ നടപടിയെടുത്തത്. മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
















