വിടാതെ ഇഡി, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്

വിടാതെ ഇഡി, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്
Share Email

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കുന്നു. കേസിൽ വീണാ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരീഷ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം അവസാനം കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട വിജിലൻസ് നടപടികൾ മാത്രമാണ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആർ കേസിലാണ് ഇപ്പോൾ സുഹൃത്തുക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് വാദം. ഇതിന് മുന്നോടിയായി നടത്തിയ റെയ്ഡുകളിലും പരിശോധനകളിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസിലെ ആദ്യഘട്ട കുറ്റപത്രം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കാനാണ് ഇഡിയുടെ നീക്കം. സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മുൻ മന്ത്രിയുടെ അടുപ്പക്കാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

Share Email
Top