മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾക്ക് വിരാമം; പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ സമവായം

മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾക്ക് വിരാമം; പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ സമവായം

തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെയും ദേവസ്വം ബോർഡ് അംഗങ്ങളുടെയും നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭാ യോഗത്തിലുണ്ടായ തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഒടുവിൽ സമവായമായി. തർക്കത്തിന് കാരണമായ പേരുകൾ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കിയതോടെയാണ് മന്ത്രിമാർ നിയമന ഉത്തരവുകളിൽ ഒപ്പിട്ടത്. പുതുക്കിയ പട്ടിക പ്രകാരം പി.എസ്.സിയിലേക്ക് നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്‌ലിം ലീഗ് പ്രതിനിധിയെയുമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ജി. ഗോപകുമാർ, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്പ്, ആർ. സനൽ കുമാർ എന്നിവരാണ് കോൺഗ്രസ് അംഗങ്ങൾ. ഷാഫി ചാലിയമാണ് മുസ്‌ലിം ലീഗ് പ്രതിനിധി. അവസാന നിമിഷത്തെ ചർച്ചകൾക്കൊടുവിലാണ് കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള ആർ. സനൽ കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തി സമവായത്തിലെത്തിയത്. കെ.സി പക്ഷം മുന്നോട്ടുവെച്ച സുധ മേനോന് പകരം മറ്റൊരു പദവി നൽകാനും ധാരണയായിട്ടുണ്ട്.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പി.എസ്.സി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചതോടെയാണ് ഭിന്നതകൾ തുടങ്ങിയത്. മുന്നണിയിലോ മന്ത്രിസഭയിലോ വേണ്ടത്ര ചർച്ച നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ച് മന്ത്രി എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. നിയമനങ്ങൾ അടിയന്തരമായി നടത്തേണ്ടതുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ, പി.എസ്.സി നിയമനത്തിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിലും കൂടിയാലോചനകൾ നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണവുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയതോടെ യോഗത്തിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top