തിരുവനന്തപുരം: സര്‍ക്കാര്‍ തലത്തിലെ പലനിയമനങ്ങളും അറിയുന്നില്ലെന്ന പരാതിയുമായി ഒരുപറ്റം മന്ത്രിമാര്‍. മന്ത്രിസഭാ യോഗത്തില്‍ ഇവര്‍ കടുത്ത എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചതോടെ മന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. എപി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇതിന് പിന്നാലെ സണ്ണി ജോസഫും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിഡി സതീശന് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അസാധാരണമായ രീതിയില്‍ ഭരണപക്ഷത്തെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് യോഗത്തില്‍ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചര്‍ച്ച ചെയ്തതെന്ന് എപി അനില്‍ കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രിയെടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായി കെ മുരളീധരന് പറഞ്ഞു.
Ministers complain of being unaware of appointments; dispute arises in Cabinet meeting.
















