മനില: വ്യോമഗതാഗത്തില്‍ ഉള്‍പ്പെടെ യുഎസിലെ വിവിധ സാങ്കേതിക പ്ലാറ്റ്ഫോമുകളിലും സേവനങ്ങളിലും അടുത്തിടെ ഉണ്ടായ പ്രവര്‍ത്തന തടസങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നോ അതിന് പിന്നില്‍ സൈബര്‍ ആക്രമണങ്ങളോ മറ്റ് ഗൂഢനീക്കങ്ങളോ ഉണ്ടെന്നോ വിശ്വസിക്കാന്‍ തെളിവുകളൊന്നുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയോ കുറ്റവാളികളുടെയോ ഇടപെടലുണ്ടെന്നതിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മനിലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂബിയോ.
വ്യോമഗതാഗത സംവിധാനങ്ങളിലെ തടസം,മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍, സന്ദേശ കൈമാറ്റ സേവനങ്ങളിലെ തകരാര്‍, ബാങ്കിങ് ഇടപാടുകളിലെയും മൊബൈല്‍ പേയ്മെന്റ് സംവിധാനങ്ങളിലെയും പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. അതീവ രഹസ്യസ്വഭാവമുള്ള യുഎസ് സര്‍ക്കാര്‍ ആശയവിനിമയ ശൃംഖലയിലും പ്രവര്‍ത്തന തടസ്സമുണ്ടായി. തുടര്‍ച്ചയായുണ്ടായ ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് റൂബിയോയുടെ വിശദീകരണം.
ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കരുതാന്‍ യാതൊരു തെളിവോ സൂചനയോ കാരണമോ നിലവിലില്ലെന്ന് റൂബിയോ പറഞ്ഞു. കൂടാതെ സെബര്‍ ഹാക്കര്‍മാര്‍, കുറ്റവാളികള്‍, വിദേശരാജ്യങ്ങള്‍, മറ്റ് ശത്രുതാപരമായ ശക്തികള്‍ എന്നിവരുടെ ഇടപെടലാണ് തകരാറുകള്‍ക്ക് പിന്നിലെന്നും വിശ്വസിക്കാന്‍ തെളിവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയുടെ ആഭ്യന്തര ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അതീവ രഹസ്യ ശൃംഖലയിലും താല്‍ക്കാലിക തടസമുണ്ടായതായി ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ താല്‍ക്കാലിക സാങ്കേതിക തകരാര്‍ സംഭവിച്ചതാണെന്നാണ് എന്‍എസ്എയുടെ വിശദീകരണം. എന്നാല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനശേഷിക്ക് തടസമുണ്ടായിട്ടില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാനുള്ള ശേഷി തുടര്‍ന്നും നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്ക സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിനും പ്രതികരിച്ചു. സമീപകാലത്തെ സേവന തടസങ്ങള്‍ക്ക് പിന്നില്‍ സൈബര്‍ കുറ്റവാളികളല്ലെന്നും രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയില്ലെന്നും അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു.
Marco Rubio states there is no evidence to suggest a conspiracy behind the technical platform failures, including those in the air transport sector.
















