ചിക്കാഗോയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം

ചിക്കാഗോയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം

വാഷിംഗ്ടണ്‍: ദോഹയില്‍ നിന്നും ചിക്കാഗോയിലേക്ക് സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വിമാനജീവനക്കാര്‍ അടിയന്തരമായി അധികൃതരെ വിവരമറിയിക്കുകയും യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഇടപെടുകയും ചെയ്തു. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ദോഹയില്‍നിന്ന് ചിക്കാഗോ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 725 വിമാനത്തിലാണ് സംഭവം. ബോയിങ് 777 വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പിന്നിലെ സീറ്റിലിരുന്ന ഒരാള്‍ തൊട്ടുമുന്നിലെ നിരയില്‍ ഇരുന്ന മറ്റൊരു യാത്രക്കാരനെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്തിനുള്ളിലുണ്ടായ സംഘര്‍ഷം മറ്റ് യാത്രക്കാരിലും ആശങ്ക സൃഷ്ടിച്ചു.

സംഘര്‍ഷം രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാനജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ ഗേറ്റില്‍ പൊലീസ് സന്നിഹിതരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമാനത്തിനുള്ളില്‍ തര്‍ക്കമുണ്ടായതായി ഖത്തര്‍ എയര്‍വേയ്‌സ് വക്താവും സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യാത്രക്കാരെ പ്രാദേശിക അധികൃതര്‍ക്ക് കൈമാറിയതായും കമ്പനി അറിയിച്ചു.

വിമാനം സുരക്ഷിതമായി ഒഹെയര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനം എത്തിയപ്പോള്‍ ചിക്കാഗോ പൊലീസും എഫ്ബിഐ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തില്‍ വിവരമറിഞ്ഞ് എഫ്ബിഐയും പ്രാദേശിക നിയമപാലകരും ഇടപെട്ടതായി എഫ്ബിഐയുടെ ചിക്കാഗോ ഓഫീസ് ഫോക്‌സ് ന്യൂസിനോട് സ്ഥിരീകരിച്ചു. വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ രണ്ട് പേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച വരെയുള്ള വിവരമനുസരിച്ച് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട യാത്രക്കാര്‍ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല. വിമാനത്തിനുള്ളിലെ തര്‍ക്കത്തിന്റെ കാരണമോ യാത്രക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യങ്ങളോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Altercation between passengers on a Qatar Airways flight to Chicago

Share Email
LATEST excelnclexrn
More Articles
Top