2025 ലെ വിമാനാപകടം: വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ യുഎസ് കോണ്‍ഗ്രസ്

2025 ലെ വിമാനാപകടം: വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ യുഎസ് കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍: 2025 ജനുവരി 29ന് വാഷിങ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാവിമാനവും സൈന്യത്തിന്റെ ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ധാരണ. യാത്രാവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ വിമാനങ്ങളില്‍ സമീപത്തുള്ള മറ്റ് വിമാനങ്ങളുടെ സ്ഥാനം പൈലറ്റുമാര്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക ലൊക്കേറ്റര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ സൈനിക വിമാനങ്ങള്‍ക്ക് ബാധകമാക്കേണ്ട വ്യവസ്ഥകളില്‍ നിയമനിര്‍മാതാക്കള്‍ക്കിടയില്‍ ഇനിയും ധാരണയായിട്ടില്ല.

ചൊവ്വാഴ്ച ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് നടന്ന പ്രദര്‍ശന പരിപാടിയിലാണ് സെനറ്റര്‍മാരായ ടെഡ് ക്രൂസും മരിയ കാന്റ്വെല്ലും ധാരണ പ്രഖ്യാപിച്ചത്. അപകടത്തില്‍ മരിച്ച 67 പേരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. സൈനിക വിമാനങ്ങള്‍ ഒരേ വ്യോമമേഖലയില്‍ പറക്കുമ്പോള്‍ മറ്റ് വിമാനങ്ങള്‍ പാലിക്കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങള്‍ അവയും പാലിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്ററായ കാന്റ്വെല്‍ ആവശ്യപ്പെട്ടു. വര്‍ഷാവസാനത്തിന് മുമ്പ് നിയമം പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്രൂസും വ്യക്തമാക്കി.

അപകടത്തില്‍ ഭാര്യ അസ്ര ഹുസൈനെ നഷ്ടപ്പെട്ട ഹമാദ് റാസ ചടങ്ങില്‍ വികാരനിര്‍ഭരമായി സംസാരിച്ചു. വിമാനയാത്രയെ ഭയപ്പെട്ടിരുന്ന ഭാര്യയ്ക്ക് യാത്രകളില്‍ സുരക്ഷിതയായിരിക്കുമെന്ന് താന്‍ എപ്പോഴും ഉറപ്പുനല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിമാനങ്ങളുടെ സ്ഥാനം പുറത്തേക്ക് പ്രക്ഷേപണം ചെയ്യുന്ന എഡിഎസ്-ബി ഔട്ട് സംവിധാനം അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാലാണ് സംവിധാനം ഓഫ് ചെയ്തിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഹെലികോപ്റ്റര്‍ പരിശീലന പറക്കലിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ വ്യോമമേഖലയില്‍ പറക്കുന്ന വിമാനങ്ങളില്‍എഡിഎസ് ബി ഔട്ട് സംവിധാനം നിലവില്‍ നിര്‍ബന്ധമാണ്. എന്നാല്‍ സമീപത്തുള്ള വിമാനങ്ങളുടെ സ്ഥാനം പൈലറ്റുമാര്‍ക്ക് നേരിട്ട് കാണിച്ചുകൊടുക്കുന്ന ADS-B In സംവിധാനം നിര്‍ബന്ധമാക്കിയിട്ടില്ല. പുതിയ നിയമത്തിലൂടെ ഈ പോരായ്മ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

2025 Plane Crash: US Congress Moves to Strengthen Aviation Safety

Share Email
LATEST excelnclexrn
More Articles
Top