വാഷിംഗ്ടണ്‍: ഇടക്കാലത്തിനു ശേഷം അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പഠനത്തിനായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ അധ്യയന വര്‍ഷം 17 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ ഉണ്ടായിട്ടുള്ളത്. ലോക വ്യാപകമായ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ ഒന്‍പതു ശതമാനം വര്‍ധനവാണുള്ളത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം വിദ്യാര്‍ഥി വിസകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഉണ്ടായ ഇടിവിന് ശേഷമുള്ള തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്. കോമണ്‍ ആപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ അയക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളില്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇത്തവണത്തെ മുന്നേറ്റത്തിന് പ്രധാന കാരണം. യൂറോപ്പില്‍ നിന്നുള്ള അപേക്ഷകള്‍ 15 ശതമാനവും ഏഷ്യയില്‍ നിന്നുള്ളവ ഒന്‍പത് ശതമാനവും വര്‍ധിച്ചു. ഘാനയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, കഴിഞ്ഞ വര്‍ഷം 43 ശതമാനത്തിന്റെ ഇടിവാണ് ഈ രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള അപേക്ഷകളിലും 41 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇവിടെ 10 ശതമാനം കുറവായിരുന്നു.
വിദേശ വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും എണ്ണം നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം വിവിധ നടപടികള്‍ തുടരുന്നതിനിടെയാണ് അപേക്ഷകളിലെ ഈ വര്‍ധന. കഴിഞ്ഞ ആറുമാസത്തിനിടെ വിദ്യാര്‍ഥി വിസയുടെ കാലാവധി നാലുവര്‍ഷമായി പരിമിതപ്പെടുത്താനുള്ള നീക്കവും, ബിരുദാനന്തര പഠനത്തിന് ശേഷമുള്ള തൊഴില്‍ അവസര പദ്ധതിയില്‍ പങ്കെടുക്കുന്നതിന് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ഉള്‍പ്പെടെ നിരവധി നടപടികള്‍ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദേശ ഗവേഷകരെയും പിഎച്ച്ഡി വിദ്യാര്‍ഥികളെയും സംബന്ധിച്ചും അന്വേഷണം നടന്നു. അതേസമയം, തിങ്കളാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അമേരിക്കയിലെത്തിയ പുതിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 15 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അമേരിക്കന്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നതായും കോമണ്‍ ആപ്പ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നവംബര്‍ ഒന്നുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കോമണ്‍ ആപ്പിന്റെ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജനുവരിയിലെ അവസാന തീയതിക്ക് തൊട്ടുമുമ്പാണ് നിരവധി വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. അതിനാല്‍ അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രവേശനനിരക്കിലും പ്രതിഫലിക്കണമെന്നില്ല. അമേരിക്കയില്‍ പഠിക്കാന്‍ തീരുമാനിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കര്‍ശനമായ വിസ നടപടികള്‍ നേരിടേണ്ടിവരുന്നതും പ്രവേശനത്തെ ബാധിച്ചേക്കാം. അതേസമയം, വിദേശ വിദ്യാര്‍ഥികളെ ആശ്രയിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഈ വര്‍ധന ആശ്വാസകരമാണ്. വിദേശ വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസും ഗവേഷണ മേഖലയിലെ സംഭാവനകളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രധാന വരുമാന സ്രോതസ്സുകളാണ്. വിദ്യാര്‍ഥി വിസയുടെ കാലാവധി നാലുവര്‍ഷമായി പരിമിതപ്പെടുത്തിയ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ചട്ടം ഫെഡറല്‍ കോടതി റദ്ദാക്കിയതും വിദേശ അപേക്ഷകര്‍ക്ക് അനുകൂലമായ സംഭവവികാസമാണ്. ഈ മാസത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ വിജയം വിദ്യാര്‍ഥി വിസ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നിയമനീക്കങ്ങളെ തടസ്സപ്പെടുത്തിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
17% increase in applications from Indian students to American universities
















