കഴിഞ്ഞ രണ്ടുവര്‍ഷക്കാലം (2024-2026) ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപക്ഷ മുഖം നല്‍കാനും, സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും സേവനപാരമ്പര്യവും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും എനിക്കൊപ്പം കൈകോര്‍ത്തുനിന്ന ഓരോരുത്തരോടും ഈ താങ്ക് സ് ഗിവിങ് ദിനത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്.
ഫോമയുടെ ചരിത്രത്തില്‍ സവിശേഷമായ ഒരധ്യായം എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക വികസന പദ്ധതികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി നടപ്പാക്കാനും നമുക്ക് കഴിഞ്ഞു. അതിന് പിന്നില്‍ കൂട്ടായ പരിശ്രമത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു കഥയുണ്ട്.
ഈ യാത്രയില്‍ താങ്ങും തണലുമായി നിന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ഫോമയുടെ ശക്തിസ്രോതസ്സായ അംഗസംഘടനകളുടെ ഭാരവാഹികള്‍, സ്പോണ്‍സര്‍മാര്‍, വിവിധ സബ് കമ്മിറ്റികളിലെ അംഗങ്ങള്‍, കേരളത്തിലും അമേരിക്കയിലും നടന്ന കണ്വന്ഷനുകളുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചവര്‍, മാധ്യമ സുഹൃത്തുക്കള്‍, ഫോമയുടെ അഭ്യുദയകാംക്ഷികള്‍, സുഹൃത്തുക്കള്‍, ഫോമാ കുടുംബാംഗങ്ങള്‍ തുടങ്ങി എല്ലാവരോടും ഈ അവസരത്തില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഫോമയുടെ ജന്മനാടായ ഹൂസ്റ്റണില്‍ നടന്ന ഒന്‍പതാമത് ദേശീയ കുടുംബ കണ്വന്ഷന് നമ്മുടെ കൂട്ടായ്മയുടെ ഐക്യത്തിന്റെയും സംഘടനാ മികവിന്റെയും സ്നേഹത്തിന്റെയും അവിസ്മരണീയമായ അടയാളമായി മാറി. ആ മഹാസമ്മേളനത്തിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് കേരളത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ഭാഗമായി അഞ്ചു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വരുന്ന ജനുവരിയില്‍ ഈ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ കഴിയുമെന്നത് ഏറെ സന്തോഷവും അഭിമാനവും നല്കുന്ന കാര്യമാണ്. അര്‍ഹരായ അഞ്ചു കുടുംബങ്ങള്‍ക്ക് സുരക്ഷിതമായൊരു ഭവനം ഒരുക്കാന്‍ കഴിഞ്ഞത് നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ നേട്ടങ്ങളിലൊന്നാണ്.
ഒരു സംഘടനയുടെ യഥാര്‍ഥ കരുത്ത് അതിന്റെ പദവികളിലോ സ്ഥാനമാനങ്ങളിലോ അല്ല, മറിച്ച് അതിനുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള നല്ല മനുഷ്യരുടെയും സൗഹൃദങ്ങളുടെയും സഹകരണത്തിന്റെയും അനുഭവങ്ങളുടെയും കാലമായിരുന്നു. ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമല്ല; നമ്മള് ഓരോരുത്തരും ചേര്‍ന്ന് എഴുതിയ കൂട്ടായ വിജയഗാഥയാണ്.
ഈ താങ്ക് സ് ഗിവിങ് ദിനത്തില്‍, എന്റെ യാത്രയില്‍ ഒപ്പം നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. നിങ്ങള്‍ നല്കിയ വിശ്വാസത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സഹകരണത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും ഫോമയുടെ വളര്‍ച്ചയ്ക്കും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും കൂടുതല്‍ കരുത്തോടെ എല്ലാവര്ക്കും ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ താങ്ക് സ് ഗിവിങ് ഡേ ആശംസകള്‍…
സ്നേഹത്തോടെയും നന്ദിയോടെയും,
ബേബി മണക്കുന്നേല്‍
ഫോമാ മുന്‍ പ്രസിഡന്റ്
Flowers of Gratitude… Thanksgiving Wishes to Everyone We Hold Close to Our Hearts!
















