കൊടുങ്കാറ്റ് ഭീഷണി; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി പ്രമുഖ വിമാനക്കമ്പനികള്‍

കൊടുങ്കാറ്റ് ഭീഷണി; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി പ്രമുഖ വിമാനക്കമ്പനികള്‍

വാഷിംഗടണ്‍: താങ്ക്‌സ്ഗിവിങ് അവധിക്കാല ദിവസങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസിലെ പ്രമുഖ വിമാനക്കമ്പനികള്‍. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ്, സൗത്ത്വെസ്റ്റ് തുടങ്ങിയ കമ്പനികളാണ് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് അധിക ഫീസില്ലാതെ ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള അവസരം നല്‍കും. കനത്ത മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് ബാധിത വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കാന്‍ കമ്പനികള്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡെല്‍റ്റ, യുണൈറ്റഡ് വിമാനക്കമ്പനികള്‍ നവംബര്‍ 28 വരെ പുറപ്പെടുന്ന സര്‍വീസുകളിലേക്ക് ടിക്കറ്റ് മാറ്റാന്‍ അനുവദിക്കും. അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ ആനുകൂല്യം നവംബര്‍ 29 വരെ നീട്ടിയിട്ടുണ്ട്. സൗത്ത്വെസ്റ്റ് യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ യാത്രാദിവസം മുതല്‍ 14 ദിവസത്തിനുള്ളില്‍ പുതിയ യാത്രാദിവസം തിരഞ്ഞെടുക്കാം. മോശം കാലാവസ്ഥയെ തുടര്‍ന്ന് മിയാമിയിലേക്കും അവിടെനിന്നും ബുധനാഴ്ച യാത്ര ചെയ്യാനിരുന്നവര്‍ക്കും അമേരിക്കന്‍ എയര്‍ലൈന്‍സ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെന്റ് ലൂയിസ് മേഖലയിലെ വിമാനത്താവളങ്ങളില്‍നിന്നുള്ള വ്യാഴാഴ്ചത്തെ യാത്രകള്‍ക്കും യുണൈറ്റഡ് സമാനമായ സൗകര്യം ഏര്‍പ്പെടുത്തി.

താങ്ക്‌സ്ഗിവിംഗ് അവധിക്കാലത്ത് മിയാമി, ന്യൂവാര്‍ക്ക്, സെന്റ് ലൂയിസ്, സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വിമാനസര്‍വീസുകളെ ബാധിക്കുമെന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് നഗരത്തില്‍ വ്യാഴാഴ്ച മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് വ്യാഴാഴ്ചയില്‍നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. യാത്രക്കാര്‍ തങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് മാറ്റങ്ങളും പുതിയ അറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

വിമാനക്കമ്പനി സര്‍വീസ് റദ്ദാക്കിയാല്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അമേരിക്കന്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു. യഥാര്‍ത്ഥ പണമടച്ച രീതിയില്‍ തന്നെ 20 ദിവസത്തിനുള്ളില്‍ റീഫണ്ട് നല്‍കണമെന്നാണ് നിയമം. എന്നാല്‍ യാത്രക്കാര്‍ക്ക് പകരം സര്‍വീസ് സ്വീകരിക്കുകയോ യാത്രാ ക്രെഡിറ്റ് തിരഞ്ഞെടുക്കുകയോ ചെയ്യാം. വിമാനക്കമ്പനി നിര്‍ദേശിക്കുന്ന മറ്റൊരു സര്‍വീസ് സ്വീകരിച്ച് യാത്ര തുടരുകയാണെങ്കില്‍ സാധാരണയായി റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല. ആഭ്യന്തര സര്‍വീസുകളില്‍ മൂന്ന് മണിക്കൂറോ അതിലധികമോ അന്താരാഷ്ട്ര സര്‍വീസുകളില്‍ ആറ് മണിക്കൂറോ വൈകുന്നതാണ് ഗണ്യമായ യാത്രാതടസ്സമായി കണക്കാക്കുന്നത്.

Storm threat: Major airlines offer concessions to air travelers

Share Email
Top