ശക്തമായ കൊടുങ്കാറ്റ് ഭീഷണി; ന്യൂയോര്‍ക്കില്‍ താങ്ക്‌സ്ഗിവിങ് പരേഡ് മാറ്റിവെച്ചു; 100 വര്‍ഷത്തിനിടെ ആദ്യം

ശക്തമായ കൊടുങ്കാറ്റ് ഭീഷണി; ന്യൂയോര്‍ക്കില്‍ താങ്ക്‌സ്ഗിവിങ് പരേഡ് മാറ്റിവെച്ചു; 100 വര്‍ഷത്തിനിടെ ആദ്യം

ന്യൂയോര്‍ക്ക്: യുഎസിലെ പ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിംഗ് ഡേ പരേഡ് ശക്തമായ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചു. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പരേഡ് നവംബര്‍ 28 ശനിയാഴ്ചയിലേക്ക് മാറ്റിയതായി സംഘാടകരായ മേസീസ് അറിയിച്ചു. നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പരിപാടി മാറ്റിവെക്കുന്നത്. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് സംഘാടകര്‍ വ്യക്തമാക്കി.

യുഎസിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ താങ്ക്‌സ്ഗിവിങ്ങിനോട് അനുബന്ധിച്ചാണ് എല്ലാ വര്‍ഷവും പരേഡ് സംഘടിപ്പിക്കുന്നത്. മാന്‍ഹട്ടനിലെ മിഡ്ടൗണില്‍നിന്ന് 34-ാം സ്ട്രീറ്റിലുള്ള മേസീസ് ഹെറാള്‍ഡ് സ്‌ക്വയര്‍ സ്റ്റോര്‍ വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വര്‍ണാഭമായ കൂറ്റന്‍ ബലൂണുകളുമായി പരേഡ് നടക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് സാധാരണയായി പരിപാടി നേരില്‍ കാണാനെത്തുന്നത്. ഇത്തവണ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആഘോഷം ശനിയാഴ്ചയിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച മണിക്കൂറില്‍ 30 മുതല്‍ 40 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ചില സമയങ്ങളില്‍ വേഗം 60 മുതല്‍ 65 മൈല്‍ വരെയാകാമെന്നും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി അറിയിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ കാറ്റിനും തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരച്ചില്ലകളും വൈദ്യുതി ലൈനുകളും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് താങ്ക്‌സ്ഗിവിങ് അവധിക്കാലത്ത് യാത്ര ചെയ്യുന്ന 80 ദശലക്ഷത്തോളം ആളുകളുടെ യാത്രകളേയും ബാധിച്ചേക്കും.

1997ലെ പരേഡിനിടെയുണ്ടായ അപകടങ്ങളും ഇത്തവണത്തെ തീരുമാനത്തിന് പശ്ചാത്തലമായിട്ടുണ്ട്. അന്ന് ശക്തമായ കാറ്റില്‍ കൂറ്റന്‍ ബലൂണുകള്‍ നിയന്ത്രണം വിട്ട് കാണികള്‍ക്ക് നേരെ പതിച്ചിരുന്നു. ‘കാറ്റ് ഇന്‍ ദ ഹാറ്റ്’ എന്ന കഥാപാത്രത്തിന്റെ 18 അടി ഉയരമുള്ള ബലൂണ്‍ തെരുവുവിളക്ക് തകര്‍ന്നു. ‘ബാര്‍ണി’ എന്ന പര്‍പ്പിള്‍ ദിനോസറിന്റെ ബലൂണ്‍ നിയന്ത്രണം വിട്ടതോടെ പൊലീസ് കത്രിക ഉപയോഗിച്ച് കുത്തി വായു പുറത്തുകളഞ്ഞാണ് അപകടം ഒഴിവാക്കിയത്. ‘പിങ്ക് പാന്തര്‍’ ബലൂണും പൊട്ടിത്തെറിച്ച് കഷണങ്ങള്‍ കാണികള്‍ക്കിടയിലേക്ക് പതിച്ചിരുന്നു.

പരേഡ് മാറ്റിവെക്കേണ്ടിവന്നതില്‍ നിരാശയുണ്ടെങ്കിലും എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മേസീസ് പരേഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വില്‍ കോസ് പറഞ്ഞു.

Threat of a severe storm; Thanksgiving parade in New York postponed—a first in 100 years.

Share Email
LATEST excelnclexrn
Top