പ്രശസ്ത സംഗീതജ്ഞന്‍ ആന്‍ഡി ടെയ്ലര്‍ അന്തരിച്ചു;

പ്രശസ്ത സംഗീതജ്ഞന്‍ ആന്‍ഡി ടെയ്ലര്‍ അന്തരിച്ചു;

ലണ്ടണ്‍: പ്രശസ്ത ബ്രിട്ടീഷ് പോപ് ബാന്‍ഡായ ഡ്യൂറാന്‍ ഡ്യൂറാനിലെ മുന്‍ ഗിറ്റാറിസ്റ്റ് ആന്‍ഡി ടെയ്ലര്‍ അന്തരിച്ചു. 65 വയസായിരുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നവംബര്‍ 23 തിങ്കളാഴ്ചയാണ് മരിച്ചതെന്ന് കുടുംബവും മുന്‍ ബാന്‍ഡ് അംഗങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടില്‍ സമാധാനപരമായാണ് അന്ത്യമുണ്ടായതെന്ന് ഡ്യൂറാന്‍ ഡ്യൂറാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. 2022ലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ആന്‍ഡി വെളിപ്പെടുത്തിയത്.

ലോകത്തിന് അദ്ദേഹം മികച്ച ഗിറ്റാറിസ്റ്റായിരുന്നെങ്കില്‍ കുടുംബത്തിന് ഏറ്റവും സ്‌നേഹമുള്ള ഭര്‍ത്താവും അച്ഛനും മുത്തച്ഛനുമായിരുന്നുവെന്ന് ഭാര്യ ട്രേസി ടെയ്ലര്‍ അനുസ്മരിച്ചു. കുടുംബത്തിന്റെ കരുത്തായിരുന്ന ആന്‍ഡിക്ക് സംഗീതത്തേക്കാള്‍ പ്രിയപ്പെട്ടത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളായിരുന്നുവെന്നും അവര്‍ പറഞ്ഞു. രോഗാവസ്ഥയുടെ അവസാന വര്‍ഷങ്ങളില്‍ വലിയ ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് അദ്ദേഹം ജീവിതത്തെ നേരിട്ടത്. അവസാന നിമിഷംവരെ ജീവിതത്തോടുള്ള സ്‌നേഹം കൈവിടാതെ പോരാടിയെന്നും രോഗകാലത്ത് ലോകമെമ്പാടുമുള്ള ആരാധകര്‍ നല്‍കിയ പിന്തുണയും സ്‌നേഹവും അദ്ദേഹത്തിന് വലിയ ആശ്വാസമായിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

1980കളില്‍ ലോകമെമ്പാടും തരംഗമായ ഡ്യൂറാന്‍ ഡ്യൂറാന്റെ ആദ്യകാല പ്രധാന ഗിറ്റാറിസ്റ്റായിരുന്നു ആന്‍ഡി ടെയ്ലര്‍. ബാന്‍ഡിന്റെ 1981ലെ ആദ്യ ആല്‍ബമായ ‘ഡ്യൂറാന്‍ ഡ്യൂറാന്‍’, ‘റിയോ’, ‘സെവന്‍ ആന്‍ഡ് ദ റാഗ്ഡ് ടൈഗര്‍’, ലൈവ് ആല്‍ബമായ ‘അരീന’, 2004ലെ പുനഃസംഗമ ആല്‍ബമായ ‘ആസ്‌ട്രോനോട്ട്’ എന്നിവയില്‍ അദ്ദേഹം പങ്കാളിയായി. ജെയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു എ കില്‍’ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനവും ഡ്യൂറാന്‍ ഡ്യൂറാന്റേതായിരുന്നു.

1985ല്‍ ബാന്‍ഡില്‍നിന്ന് ഇടവേളയെടുത്ത ആന്‍ഡി, ജോണ്‍ ടെയ്ലറിനൊപ്പം ഗായകന്‍ റോബര്‍ട്ട് പാമറും ഡ്രമ്മര്‍ ടോണി തോംസണും ചേര്‍ന്ന് ‘പവര്‍ സ്റ്റേഷന്‍’ എന്ന ബാന്‍ഡ് രൂപീകരിച്ചു. ‘സം ലൈക്ക് ഇറ്റ് ഹോട്ട്’, ‘ഗെറ്റ് ഇറ്റ് ഓണ്‍’ എന്നിവ ഈ ബാന്‍ഡിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. റോബര്‍ട്ട് പാമറിന്റെ പ്രശസ്ത ഗാനം ‘അഡിക്റ്റഡ് ടു ലവ്’ എന്നതിലും ആന്‍ഡി ഗിറ്റാര്‍ വായിച്ചിട്ടുണ്ട്. റോഡ് സ്റ്റുവര്‍ട്ടിന്റെ ‘ഔട്ട് ഓഫ് ഓര്‍ഡര്‍’ ആല്‍ബത്തിന്റെ രചനയിലും സഹനിര്‍മാണത്തിലും പങ്കാളിയായ അദ്ദേഹം നിരവധി പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഭാര്യ ട്രേസി, നാല് മക്കള്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.

Renowned musician Andy Taylor has passed away;

Share Email
Top