വാഷിംഗ്ടണ്‍: യുഎസിലെ അയോവ സംസ്ഥാനത്ത് അപകടസാധ്യതയുള്ള അഞ്ച് ടണ്‍ ലെഡ് അസൈഡ് സ്ഫോടകവസ്തു സൈന്യം നിയന്ത്രിതമായി പൊട്ടിച്ചുനീക്കി. ബുധനാഴ്ച തെക്കുകിഴക്കന്‍ അയോവയിലെ അയോവ ആര്‍മി അമ്യൂണിഷന്‍ പ്ലാന്റിലായിരുന്നു നടപടി. പഴക്കംചെന്ന് അപകടകരമായ നിലയിലായ സ്ഫോടകവസ്തു സ്വയം പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് അസാധാരണമായ നടപടിയെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ വെളുത്ത പുക ഉയര്‍ന്നെങ്കിലും വൈകാതെ അന്തരീക്ഷത്തില്‍ അലിഞ്ഞുപോയി. തുടര്‍ന്ന് നടത്തിയ വായു പരിശോധനയില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വെടിക്കോപ്പുകളിലെ മറ്റ് സ്ഫോടകവസ്തുക്കളെ പൊട്ടിത്തെറിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രാഥമിക സ്ഫോടകവസ്തുവാണ് ലെഡ് അസൈഡ്. എന്നാല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഇതിന്റെ ഗുണനിലവാരം മോശമായിരുന്നു. സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ക്കുള്ളില്‍ രാസപദാര്‍ഥം പരല്രൂപത്തിലേക്ക് മാറിയതോടെ പുറത്തെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ഫോടനസാധ്യത വര്‍ധിപ്പിച്ചതായി സൈന്യം വിശദീകരിച്ചു. ലെഡിന്റെ വിഷാംശവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് അമേരിക്കന്‍ സൈന്യം ഈ രാസവസ്തുവിന്റെ ഉപയോഗം നേരത്തെ കുറച്ചിരുന്നു.
സ്ഫോടനത്തിനിടെ ലെഡ് കണികകള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. സ്ഫോടകവസ്തു സൂക്ഷിച്ചിരുന്ന സ്ഥലത്തിന് ചുറ്റും രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള മണല്‍ഭിത്തികള്‍ നിര്‍മിച്ചു. 16,000 ഗാലന് ശേഷിയുള്ള നാല് ജലസംഭരണികളും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചു.സ്ഫോടനത്തിന് മുമ്പും ശേഷവും സംഭരണകേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള മണ്ണ് വെള്ളം ഉപയോഗിച്ച് നനച്ചിരുന്നു.
അതേസമയം, സ്ഫോടനം പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ലെഡ് മനുഷ്യന്റെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന വിഷപദാര്‍ഥമാണ്. കുട്ടികളില്‍ ഇതിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാകാമെന്നും സുരക്ഷിതമായ സമ്പര്ക്കനിലയില്ലെന്നും സ്ഫോടനം തടയാന്‍ കോടതിയെ സമീപിച്ച പരിസ്ഥിതി സംഘടനകള്‍ വാദിച്ചു. സൈന്യത്തിന്റെ തന്നെ മുന്‍കൂര്‍ പഠനങ്ങളില്‍ സമീപത്തെ കൃഷിയിടങ്ങളിലും ജലാശയങ്ങളിലും ലെഡ് കണികകള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ മാസങ്ങളോളം വിദഗ്ധര്‍ നടത്തിയ പഠനങ്ങളുടെയും പരിസ്ഥിതി പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചതെന്ന് ഫെഡറല്‍ അധികൃതര്‍ വ്യക്തമാക്കി.
സ്ഫോടനത്തിന് മുമ്പ് സമീപവാസികളോട് പ്രദേശം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്ഫോടനത്തിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് അയച്ച അടിയന്തര സന്ദേശത്തില്‍ 20 മൈല്‍ ചുറ്റളവിലുള്ളവര്‍ വീടുകള്‍ക്കുള്ളില്‍ തുടരാനും ജനലുകളും വാതിലുകളും അടച്ചിടാനും നിര്‍ദേശിച്ചു. മിഡില്‍ടൗണ്‍, അഗസ്റ്റ, ബര്‍ലിങ്ടണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്ക്കായിരുന്നു മുന്നറിയിപ്പ്.
An end to concerns: Five tons of lead azide explosives safely detonated in Iowa; military states that the risk of a major disaster has been averted.
















