ഇടക്കാലതെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ട്രംപിന്റെമുന്നില്‍ വലിയ വെല്ലുവിളിയായി ഇറാന്‍

ഇടക്കാലതെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ട്രംപിന്റെമുന്നില്‍ വലിയ വെല്ലുവിളിയായി ഇറാന്‍

വാഷിംഗ്ടണ്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പ്രഹരത്തിനു പിന്നാലെ ട്രംപിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇറാനെതിരേയുളള യുദ്ധം അതിശക്തമാക്കണോ അതോ ചര്‍ച്ചയിലൂടെ നിലവില്‍ തുടരുന്ന യുദ്ധത്തില്‍ നിന്നും പിന്‍മാറണോ എന്നതാണ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസിലെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുമെന്ന സാഹചര്യം ട്രംപിന്റെ സൈനിക നീക്കങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചേക്കും. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ചര്‍ച്ച നടത്തുകയോ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ട്രംപ് ഏത് വഴിയാകും തിരഞ്ഞെടുക്കുകയെന്ന ആശങ്കയിലാണ് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളും.

ഇറാനില്‍ ഭരണകൂടമാറ്റം ലക്ഷ്യമിട്ട് ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച ആക്രമണം എട്ടുമാസം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. അമേരിക്കന്‍-ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ ഇറാന്റെ സൈനിക ശേഷിക്ക് വലിയ നാശം വരുത്തിയെങ്കിലും ആണവപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഇറാന്‍ തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളിലേക്കും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതോടെ ആഗോള ഊര്‍ജവിതരണവും തടസ്സപ്പെട്ടു. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചതില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി ശക്തമായതും ട്രംപിന്റെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ ട്രംപിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞതോടെ ഇറാനെതിരായ സമ്പൂര്‍ണ സൈനിക ആക്രമണത്തിനുള്ള സാധ്യത കുറഞ്ഞേക്കാമെന്നാണ് ഗള്‍ഫ് മേഖലയിലെ ചില വൃത്തങ്ങളുടെ വിലയിരുത്തല്‍. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ പരിമിതമായ ആക്രമണങ്ങള്‍ നടത്തി ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് പ്രഖ്യാപിച്ച് യുദ്ധത്തില്‍നിന്ന് പിന്മാറാനും ട്രംപ് ശ്രമിച്ചേക്കാം. അതേസമയം, നാവിക ഉപരോധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും തുടരുന്നതിനൊപ്പം ഇറാനുമായി കരാറിലെത്താനുള്ള സാധ്യത പരിശോധിക്കുന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഈ നീക്കത്തിലൂടെ ഫലം കാണാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം. ഇറാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരിക്കുകയോ അമേരിക്കയുടെ രാഷ്ട്രീയ സാഹചര്യം ദുര്‍ബലമാണെന്ന് കരുതി കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയോ ചെയ്താല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. ചൈനയും യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ട രാഷ്ട്രീയ സമ്മര്‍ദം കുറഞ്ഞ ട്രംപ് ഇറാനെതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്. അധികാരം ഒഴിയുന്നതിന് മുമ്പ് ഇറാനുമായുള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിച്ച് രാഷ്ട്രീയ പാരമ്പര്യം ഉറപ്പിക്കാനുള്ള അവസരമായി അദ്ദേഹം യുദ്ധത്തെ കണ്ടേക്കാമെന്ന് സൗദി ആസ്ഥാനമായ ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ട്രംപിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇറാനുമായുള്ള ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ വിലപേശല്‍ ശേഷി കുറച്ചതായി ലെബനീസ് രാഷ്ട്രീയ നിരീക്ഷകന്‍ സര്‍കിസ് നൗം ചൂണ്ടിക്കാട്ടി. സംഘര്‍ഷം അവസാനിക്കാനുള്ള സാധ്യതയും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും ഒരുപോലെയാണെന്നാണ് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇസ്രയേലിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ഒക്ടോബര്‍ 27 ലെ തിരഞ്ഞെടുപ്പില്‍ നെസറ്റിലെ 120 സീറ്റുകളില്‍ 53 എണ്ണം മാത്രമാണ് അദ്ദേഹത്തിന്റെ സഖ്യത്തിന് നേടാനായത്.

യുദ്ധം അവസാനിക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആഗ്രഹമെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്ന കരാറായിരിക്കണം ഉണ്ടാകേണ്ടതെന്ന് യുഎഇ പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തിസാം അല്‍-കേത്ബി വ്യക്തമാക്കി. കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ചുങ്കമോ രാഷ്ട്രീയ നിബന്ധനകളോ ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന കരാര്‍ പുതിയ പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, അമേരിക്കയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ഇറാനില്‍ ഭരണനേതൃത്വം സന്തോഷം പ്രകടിപ്പിച്ചെങ്കിലും സൈനിക ജാഗ്രത കുറച്ചിട്ടില്ല.

Following the setback in the midterm elections, Iran emerges as a major challenge for Trump.

Share Email
Top