തിരുവനന്തപുരം: പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കും. പെട്രോൾ പമ്പുകളിൽനിന്നും ടാങ്കറുകളിൽനിന്നും ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് സാംപിളുകൾ ശേഖരിക്കും. ഓരോ പരിശോധനയിലും ശേഖരിക്കുന്ന ആറ് സാംപിളുകൾ എൻഎബിഎൽ അംഗീകൃത ലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കും.
ഉദ്യോഗസ്ഥരുടെ അഭാവം കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടത്തുക. ഫൊറൻസിക് ലാബുകളിലും പരിശോധനയ്ക്കുള്ള സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. സാംപിളുകൾ ശേഖരിക്കുന്നതിന് ആവശ്യമായിവന്നാൽ ലീഗൽ മെട്രോളജി അധികൃതരുടെ സഹായവും തേടും.
പെട്രോളിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പെട്രോളിൽ എഥനോളിന്റെ അനുവദനീയമായ പരമാവധി അളവ് 20 ശതമാനമാണ്. 2005ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ്, ഹൈസ്പീഡ് ഡീസൽ (സപ്ലൈ, ഡിസ്ട്രിബ്യൂഷൻ ആൻഡ് പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ്) നിയമപ്രകാരം സംസ്ഥാനം 2014ൽ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതനുസരിച്ച് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫിസർ വരെയുള്ള ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താം.
















