എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറി എന്ന പ്രചാരണത്തിന് പരിഹാസരൂപേണ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയതെന്നും, അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ലെന്നും ‘ഇറ്റ് ഈസ് വെൽ ടേക്കൺ’ എന്ന മറുപടിയാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി, തന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ ആറ് കൊല്ലമായി കെഎസ്യു ഒറ്റയ്ക്ക് ഭരിക്കുന്ന കാലടി കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുതെന്നും മന്ത്രി വിമർശിച്ചു. അതുകൊണ്ട് വ്യാജ പ്രചാരണക്കാരോട് ‘ഗോ ടു യുവർ ക്ലാസസ്’ എന്ന് മാത്രമേ പറയാനുള്ളൂവെന്നും റോജി എം ജോൺ കൂട്ടിച്ചേർത്തു.
‘Go to Your Classes’: Higher Education Minister Roji M John Mocks SFI’s Allegation of Backing Out from Kalady College Event
















