രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസിന്റെ വൻ മുന്നേറ്റം. സംസ്ഥാനത്തെ 37 ജില്ലകളിലെ 7,543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,275 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ആകെയുള്ള 41 ജില്ലകളിൽ നാല് ജില്ലകളിലെ നിലവിലെ സമിതികളുടെ അഞ്ച് വർഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനാൽ ഇവിടുത്തെ വോട്ടെണ്ണൽ ഡിസംബർ 17-ലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം ഫലം പുറത്തുവന്ന 6,050 പഞ്ചായത്ത് സമിതി സീറ്റുകളിൽ 2,990 ഇടങ്ങളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപിക്ക് 1,795 സീറ്റുകൾ മാത്രമാണ് നേടാനായത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) 438, ഭാരത് ആദിവാസി പാർട്ടി (ബിഎപി) 215, സിപിഎം 50, ബിഎസ്പി 44, ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിലും സ്വതന്ത്രർ 516 സീറ്റുകളിലും വിജയിച്ചു.
ഫലം പ്രഖ്യാപിച്ച 239 ജില്ലാ പരിഷത്ത് സീറ്റുകളിൽ കോൺഗ്രസിന് 143 സീറ്റുകളും ബിജെപിക്ക് 83 സീറ്റുകളുമാണ് ലഭിച്ചത്; സ്വതന്ത്രർ അഞ്ച്, ആർഎൽപി നാല്, സിപിഎം മൂന്ന്, ബിഎസ്പി ഒരു സീറ്റ് എന്നിങ്ങനെയും നേടി. ആകെയുള്ള 37 ജില്ലാ പരിഷത്തുകളിൽ 24 ഇടങ്ങളിൽ കോൺഗ്രസും എട്ടിടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുമ്പോൾ നാലിടങ്ങളിൽ സ്വതന്ത്രരാണ് മുന്നിലുള്ളത്; ഒരിടത്ത് ആർക്കും കേവലഭൂരിപക്ഷമില്ല.
പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ സിക്കാർ ജില്ലയിലെ വിവിധ വാർഡുകളിൽ മത്സരിച്ച നഗരവികസന ഭവന നിർമ്മാണ മന്ത്രി ഝാബർ സിങ് ഖർറയുടെ ഭാര്യ ശാന്തി ദേവി, മകൻ അജയ് സിങ്, സ്വതന്ത്രനായി മത്സരിച്ച മറ്റൊരു മകൻ ദുർഗാ സിങ് എന്നിവർ പരാജയപ്പെട്ടത് ബിജെപിക്ക് വലിയ ക്ഷീണമായി. അതേസമയം, ചുരുവിൽ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിങ് റാത്തോഡും മരുമകൾ കനിക സിങ്ങും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു.
















