വാഷിംഗ്ടൺ: മേജർ ലീഗ് ബേസ്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഹിറ്റുകൾ നേടിയ താരവും, വാതുവെപ്പ് വിവാദത്തെത്തുടർന്ന് ലീഗിൽ നിന്ന് വിലക്കപ്പെടുകയും ചെയ്ത അന്തരിച്ച മുൻ താരം പീറ്റ് റോസിന് പൂർണ്ണമായും സമ്പൂർണ്ണവുമായ മാപ്പ് നൽകുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം അറിയിച്ചത്.
2024-ൽ അന്തരിച്ച പീറ്റ് റോസിനെ ബേസ്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്താത്തതിലൂടെ മേജർ ലീഗ് ബേസ്ബോൾ അദ്ദേഹത്തോട് മോശമായാണ് പെരുമാറിയതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ട്രംപ് കുറിച്ചു. ഏത് കേസിലാണ് മാപ്പ് നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, 1990-ൽ വ്യാജ ആദായനികുതി റിട്ടേൺ സമർപ്പിച്ച കേസിൽ റോസ് കുറ്റസമ്മതം നടത്തുകയും അഞ്ച് മാസം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഈ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാപ്പ് നൽകിയതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. വാതുവെപ്പിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നില്ല.
20 വർഷത്തിലേറെ നീണ്ട കരിയറിൽ സിൻസിനാറ്റി റെഡ്സിനായി കളിച്ച റോസ് 4,256 ഹിറ്റുകൾ എന്ന റെക്കോർഡ് സ്വന്തമാക്കുകയും മൂന്ന് വേൾഡ് സീരീസ് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ടീമിന്റെ മാനേജറായും പ്രവർത്തിച്ചു. എന്നാൽ, സ്വന്തം ടീമിന്റെ മത്സരങ്ങളിലടക്കം വാതുവെപ്പ് നടത്തി എന്ന വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ കരിയറിന് മങ്ങലേൽപ്പിച്ചു. ഇതേത്തുടർന്ന് 1989-ൽ മേജർ ലീഗ് ബേസ്ബോളിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നതോടെ ഹാൾ ഓഫ് ഫെയിമിലേക്കുള്ള വാതിലുകളും അടഞ്ഞു.
വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നാല് തവണ അദ്ദേഹം അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന്റെ വിലക്ക് നീക്കിയിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള മാസം എം.എൽ.ബി കമ്മീഷണർ റോബ് മാൻഫ്രെഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും പീറ്റ് റോസിന്റെ വിഷയം ചർച്ചയാവുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച് 2028-ഓടെ അദ്ദേഹത്തിന് ഹാൾ ഓഫ് ഫെയിമിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്.
നേരത്തെ തന്നെ പീറ്റ് റോസിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. റോസ് വാതുവെപ്പ് നടത്താൻ പാടില്ലായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും, നിലവിൽ സ്പോർട്സ് വാതുവെപ്പ് വ്യാപകമായി നിയമവിധേയമാണെന്നും അദ്ദേഹം സ്വന്തം ടീമിന് വേണ്ടിയാണ് വാതുവെപ്പ് നടത്തിയതെന്നും ട്രംപ് ഈ മാസം ആദ്യം വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. 1991-ൽ തന്നെ ജയിൽ മോചിതനായതിനാലും, പ്രസിഡന്റിന്റെ മാപ്പ് ഹാൾ ഓഫ് ഫെയിം പ്രവേശനത്തിന് ബാധകമല്ലാത്തതിനാലും ഈ നടപടിക്ക് പ്രായോഗികമായി എന്ത് ഫലമാണുണ്ടാവുക എന്നത് വ്യക്തമല്ല.
















