ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പോരു മൂര്‍ച്ഛിച്ച് റിപ്പബ്ലിക്കന്‍ ക്യാമ്പ്

ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പോരു മൂര്‍ച്ഛിച്ച് റിപ്പബ്ലിക്കന്‍ ക്യാമ്പ്

വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പരസ്പരം പഴിചാരല്‍ ശക്തമാകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. ട്രംപിന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇറാന്‍ യുദ്ധത്തില്‍ നിന്നും ട്രംപിന്റെ നയങ്ങളില്‍ നിന്നും അകലം പാലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇറാന്‍ യുദ്ധം, ജീവിതച്ചെലവിലെ വര്‍ധന, അമേരിക്ക-ഇസ്രയേല്‍ ബന്ധം എന്നിവയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം പാര്‍ട്ടിക്ക് സെനറ്റിലെ ഭൂരിപക്ഷം കുറഞ്ഞത് ആറു വര്‍ഷത്തേക്കെങ്കിലും നഷ്ടപ്പെടുത്തിയെന്നും വാന്‍സ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

2028ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തെരഞ്ഞെടുപ്പ് ഫലത്തെ ട്രംപ് ഭരണകൂടത്തിനെതിരായ വിമര്‍ശനത്തിന് ഉപയോഗിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ടത് വംശനാശത്തിന് സമാനമായ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിലെ അഴിമതിയെക്കുറിച്ച് വോട്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഓഹരി വ്യാപാരം നടത്തുന്നത് നിരോധിക്കണമെന്നും ഈ വിലക്ക് ഭരണകൂടത്തിലെ ഉന്നതര്‍ക്കും ബാധകമാക്കണമെന്നും ഡിസാന്റിസ് ആവശ്യപ്പെട്ടു. ട്രംപിന്റെ ആദ്യ ഭരണവര്‍ഷത്തില്‍ പതിനായിരക്കണക്കിന് സെക്യൂരിറ്റീസ് ഇടപാടുകള്‍ നടത്തിയെന്ന സാമ്പത്തിക വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഈ പരാമര്‍ശം ട്രംപിനെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലുമുണ്ട്. ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസും തെരഞ്ഞെടുപ്പ് ഫലത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി. ഇറാന്‍ യുദ്ധം, താരിഫ് നയങ്ങള്‍, ഡാറ്റാ സെന്ററുകളുടെ നിയന്ത്രണമില്ലാത്ത നിര്‍മാണം എന്നിവയ്‌ക്കെതിരായ ജനവികാരമാണ് തിരിച്ചടിക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍, വിവാദങ്ങളില്‍പ്പെട്ട കെന്‍ പാക്സ്റ്റണെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയിലെ നേതൃത്വം നിര്‍ബന്ധിച്ചതടക്കം നിരവധി രാഷ്ട്രീയ പിഴവുകള്‍ തിരിച്ചടിക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി. 2012ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിയും ട്രംപിന്റെ താരിഫ് നയങ്ങളെയും ഇറാന്‍ യുദ്ധത്തെയും ഭരണത്തിലെ അഴിമതി ആരോപണങ്ങളെയും വിമര്‍ശിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് തിരിച്ചടിക്കിടയിലും വൈറ്റ് ഹൗസിലെ നിര്‍മാണത്തിലിരിക്കുന്ന ബാള്‍റൂം സന്ദര്‍ശിച്ച് മാധ്യമങ്ങളെ കണ്ട ട്രംപ് ഫലത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടി. വൈസ് പ്രസിഡന്റ് വാന്‍സുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ മാറ്റാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തില്‍ ഉടന്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ ചില താഴ്ന്നതല ഉദ്യോഗസ്ഥര്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സെനറ്റില്‍ കുറഞ്ഞത് ഏഴ് സീറ്റുകളെങ്കിലും നഷ്ടപ്പെട്ട പാര്‍ട്ടിക്ക് ജനപ്രതിനിധിസഭയിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ കുറഞ്ഞത് 54 സീറ്റുകളും ജനപ്രതിനിധിസഭയില്‍ 258 സീറ്റുകളും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധിസഭയില്‍ 177 സീറ്റുകളായിരിക്കും ലഭിക്കുക. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ നേതൃസ്ഥാനത്തുനിന്ന് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പിന്മാറാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തം സംസ്ഥാനമായ ഒഹായോയില്‍ വാന്‍സ് സജീവമായി പ്രചാരണം നടത്തിയിട്ടും ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും സെനറ്റ് ഉപതെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന് തിരിച്ചടിയായി. വിവേക് രാമസ്വാമിയുടെ പ്രചാരണ പരസ്യത്തെ പിന്തുണച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഒടുവില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ഒഹായോയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വാന്‍സിന് മുന്നിലുള്ള വെല്ലുവിളികള്‍ ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ജനപ്രീതി കുറഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായിരിക്കെ സ്വന്തം സംസ്ഥാനത്തുപോലും പാര്‍ട്ടിക്ക് നിര്‍ണായക വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, 2028ല്‍ വാന്‍സ് മത്സരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാക്സ്റ്റണ്‍, ഡാര്‍ലിന്‍ ഗ്രഹാം, മൈക്കല്‍ വാട്ട്‌ലി തുടങ്ങിയ സ്ഥാനാര്‍ഥികള്‍ക്ക് ട്രംപ് നല്‍കിയ പിന്തുണയും തിരിച്ചടിക്ക് കാരണമായെന്ന വിമര്‍ശനമുണ്ട്. ട്രംപിന്റെ മുന്‍ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മള്‍വാനിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രത്യേക രാഷ്ട്രീയ തന്ത്രമൊന്നുമില്ലായിരുന്നുവെന്ന് പ്രതികരിച്ചു. ഇതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള പോരാട്ടം ഇപ്പോള്‍ത്തന്നെ ആരംഭിച്ചിരിക്കുകയാണ്.

Internal strife intensifies within the Republican camp following the defeat in the midterm elections.

Share Email
Top