അമേരിക്കൻ ജനവിധിക്ക്‌ കൈയ്യടിച്ച് ഇറാൻ, ഇത് ജനതയുടെ യുദ്ധവിരുദ്ധ നിലപാട്; ജനവികാരം അട്ടിമറിച്ച് ആക്രമണത്തിന് മുതിരരുതെന്നും മുന്നറിയിപ്പ്

അമേരിക്കൻ ജനവിധിക്ക്‌ കൈയ്യടിച്ച് ഇറാൻ, ഇത് ജനതയുടെ യുദ്ധവിരുദ്ധ നിലപാട്; ജനവികാരം അട്ടിമറിച്ച് ആക്രമണത്തിന് മുതിരരുതെന്നും മുന്നറിയിപ്പ്

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ഉയർന്നുവന്ന യുദ്ധവിരുദ്ധ വികാരത്തെ സ്വാഗതം ചെയ്ത് ഇറാൻ രംഗത്തെത്തി. ജനവികാരം അവഗണിച്ച് ഇറാനെതിരെ ട്രംപ് ഭരണകൂടം വീണ്ടും സൈനിക നടപടി ആരംഭിക്കരുതെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനത യുദ്ധത്തെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ആ സന്ദേശത്തെ ഇറാൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വിദേശ സാമ്പത്തിക ശക്തികൾക്കുവേണ്ടി സ്വന്തം ജനതയുടെ ആഗ്രഹത്തിന് വിരുദ്ധമായി യു.എസ് സർക്കാർ പ്രവർത്തിച്ചാൽ അതിന്റെ പ്രത്യാഘാതം കടുപ്പമേറിയതും ഭീതിജനകവുമായിരിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസ്-ഇറാൻ സംഘർഷത്തിന്റെ ഭാവി സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള കരാറിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.

എട്ടു ദിവസമായി ചർച്ചയിലുള്ള യു.എസ്-ഇറാൻ കരാറിന്റെ കരട് ചർച്ച ചെയ്യുന്നതിനായി ഖത്തറിൽ നിന്നുള്ള മധ്യസ്ഥർ തിങ്കളാഴ്ച രാത്രി ഇറാനിൽ എത്തിയിരുന്നു. എന്നാൽ തങ്ങളുടെ പ്രധാന നിബന്ധനകൾ പൂർണമായും അംഗീകരിക്കാതെ യാതൊരു കരാറിലും ഒപ്പുവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, നയതന്ത്ര ചർച്ചകൾ ഒരുവശത്ത് തുടരുമ്പോഴും ഇറാനെതിരെയുള്ള സൈനിക നടപടിയുടെ സാധ്യതകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. തങ്ങൾ യുദ്ധസജ്ജമായി നിൽക്കുകയാണെന്നും എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top