ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് രണ്ട് യുഎസ് എംക്യു-9 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇവ തകർത്തതെന്ന് റവല്യൂഷനറി ഗാർഡ്സ് വ്യക്തമാക്കി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം വെടിവച്ചിടുന്ന 58-ാമത്തെ എംക്യു-9 ഡ്രോണാണിതെന്നാണ് ഇറാന്റെ അവകാശവാദം; അതേസമയം അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല.
മൂന്ന് കോടി ഡോളറിനും (ഏകദേശം 278 കോടി രൂപ) അഞ്ച് കോടി ഡോളറിനും ഇടയിൽ വിലമതിക്കുന്ന ഈ ഡ്രോണുകളുടെ നഷ്ടം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ഇറാനിലെ സൈനിക നടപടികൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രെഡേറ്റർ എന്നും അറിയപ്പെടുന്ന ഈ ഡ്രോണുകൾ ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് ആണ് നിർമ്മിക്കുന്നത്. നിരീക്ഷണത്തിനും രഹസ്യവിവര ശേഖരണത്തിനും കൃത്യതയാർന്ന വ്യോമാക്രമണത്തിനും ഉപയോഗിക്കുന്ന ഇവയ്ക്ക് 27 മണിക്കൂറിലധികം തുടർച്ചയായി പറക്കാനും 1,700 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാനും ശേഷിയുണ്ട്. സാറ്റലൈറ്റ് വഴി നിയന്ത്രിക്കാവുന്ന ഇവ 50,000 അടി ഉയരത്തിൽ മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
















