ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ‘ഗോൾഡൻ ഓണററി’ ബഹുമതി

ഓസ്ട്രിയയുടെ മണ്ണിൽ മലയാളി തിളക്കം; ഫാ. എബി പുതുമനയ്ക്ക് ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ‘ഗോൾഡൻ ഓണററി’ ബഹുമതി
Share Email

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: ഓസ്ട്രിയയിലെ ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘ഗോൾഡൻ ഓണററി പുരസ്കാരം’ (Golden Honorary Award) മലയാളി വൈദികൻ ഫാ. എബി പുതുമനയ്ക്ക് സമ്മാനിച്ചു. നവംബർ 11-ന് വിശുദ്ധ മാർട്ടിന്റെ തിരുനാളും ബുർഗൻലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐസൻസ്റ്റഡിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ബുർഗൻലാൻഡിലെ വിവിധ ഇടവകകളിൽ അദ്ദേഹം നടത്തിവരുന്ന അജപാലന ശുശ്രൂഷകൾ, ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രാദേശിക അഗ്നിശമന സേനയുമായി (Fire Department) സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികൾ എന്നിവ മുൻനിർത്തിയാണ് സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചത്.

ബുർഗൻലാൻഡ് സംസ്ഥാന മുഖ്യമന്ത്രി ഹാൻസ് പീറ്റർ ഡോസ്കോസിൽ, സംസ്ഥാന പാർലമെന്റ് പ്രസിഡന്റ് ആസ്ട്രിഡ് ഐസൻകോഫ്, ഉപമുഖ്യമന്ത്രി ആന്യ ഹെയ്ഡർ-വാൾനർ എന്നിവർ ചേർന്ന് പുരസ്കാരം കൈമാറി. വിവിധ മേഖലകളിൽ സംസ്ഥാനത്തിനും ജനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ 16 പ്രമുഖരെയാണ് ഇത്തവണ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഗെർഹാർഡ് ആൾട്ട്മാൻ, ഉർസുല ബ്രെഡ്ലിംഗർ, ഹെർമൻ സാർമിറ്റ്സ്, ഡീറ്റ്മാർ ഫെർസ്റ്റൽ തുടങ്ങിയ പ്രമുഖരും ഫാ. എബി പുതുമനയോടൊപ്പം ബഹുമതി ഏറ്റുവാങ്ങി.

Share Email
LATEST excelnclexrn
More Articles
Top