ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ എഐയുടെ സഹായത്തോടെ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിൽ. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പോർട്ടലിൽനിന്ന് 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ ചോർത്തി ഡാർക് വെബിൽ വിൽപനയ്ക്ക് വെച്ചതായാണ് സൂചന. എന്നാൽ വിൽപന നടക്കുന്നതിന് മുൻപുതന്നെ അന്വേഷണ ഏജൻസികൾ വിദ്യാർഥിയെ പിടികൂടുകയായിരുന്നു; സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഡാർക് വെബിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഡാറ്റ ചോർച്ച കണ്ടെത്തിയത്. എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ഇത് ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ ലഭിക്കുന്ന വിവരം.
കണ്ടെത്തിയ ഫയലുകൾ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടതാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. ഫയലുകളുടെ കൃത്യമായ സ്വഭാവവും കുട്ടി പോർട്ടലിലേക്ക് കടന്നുകയറിയ രീതിയും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
















