താന്‍ പദവി മോഹിച്ചല്ല തിരിച്ചെത്തിയത് ; ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നു പത്മജ

താന്‍ പദവി മോഹിച്ചല്ല തിരിച്ചെത്തിയത് ; ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നു പത്മജ

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി വിട്ടുവന്ന പത്മജ വേണുഗോപാല്‍. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ലെന്നും, മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും അവര്‍ തുറന്നു പറഞ്ഞു. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും പത്മജ സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസില്‍ തിരികെ വരുന്നുണ്ടെങ്കില്‍ പാര്‍ട്ടിയോടും അണികളോടും മാപ്പുപറയണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനാലാണ് പത്മജയുടെ പ്രതികരണം. പത്മജയുടെ തിരിച്ചു വരവില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അതുകൊണ്ടും കൂടിയാവാം ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പ്രതികരണം അവരുടെ ഭാഗത്തു നിന്നുണ്ടായത്.

കഴിഞ്ഞ ദിവസമാണ് പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം പറഞ്ഞവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ തിരികെയെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വം തന്നെ ഒറ്റപ്പെടുത്തിയെന്നും ബിജെപിയുമായുള്ള ബന്ധം കുടുംബബന്ധം ഇല്ലാതാക്കുകയും കുടുംബപാര്യമ്പര്യത്തിന് വിരുദ്ധമാണെന്നും തോന്നിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവച്ചത്. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പത്മജയെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ തഴയപ്പെട്ടിരുന്നു.2024 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് പത്മജയുടെ രാജി.

Padmaja says she did not return to seek status; her only intention was to become a Congress woman
Share Email
Top