ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ദിനാഘോഷം പ്രൗഢഗംഭീരമായി; പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ദിനാഘോഷം പ്രൗഢഗംഭീരമായി; പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധ കലാപരിപാടികളുടെയും പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിന്റെയും ആദരിക്കല്‍ ചടങ്ങുകളുടെയും അകമ്പടിയോടെ പ്രൗഢഗംഭീരമായി നടന്നു. കേരളത്തിന്റെ ഭാഷ, സംസ്‌കാരം, പാരമ്പര്യം, സാമൂഹിക ഐക്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, നിയമരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
ശ്രീ. റിക്കി പല്ലഡിനോയും മുഖ്യാതിഥികളായി പങ്കെടുത്തു.

ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ബഹു. ജിം ഹാരിറ്റിയും ചടങ്ങില്‍ സന്നിഹിതനായി സന്ദേശം നല്‍കി.ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ അധ്യക്ഷത വഹിച്ചു. കേരളപ്പിറവി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തോമസ് പോള്‍ സ്വാഗതം ആശംസിച്ചു. അമേരിക്കന്‍ ദേശീയഗാനം എലിസബത്ത് മാത്യുവും ഇന്ത്യന്‍ ദേശീയഗാനം അബിയ മാത്യുവും ആലപിച്ചു. തുടര്‍ന്ന് മുഖ്യാതിഥികളും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

അധ്യക്ഷപ്രസംഗത്തില്‍ ലെനോ സ്‌കറിയ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിദേശരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മലയാളി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.തുടര്‍ന്ന് നടന്ന കേരളപ്പിറവി സന്ദേശത്തില്‍ വി. അരവിന്ദ് കേരളത്തിന്റെ സാമൂഹിക പുരോഗതി, വിദ്യാഭ്യാസ നേട്ടങ്ങള്‍, സാംസ്‌കാരിക പൈതൃകം, പ്രവാസി മലയാളികളുടെ സംഭാവനകള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ മൂല്യങ്ങളും ഭാഷയും സംസ്‌കാരവും വരുംതലമുറകളിലേക്ക് കൈമാറേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ വി. അരവിന്ദിന് ഫിലഡല്‍ഫിയ നഗരസഭയുടെ പ്രത്യേക സിറ്റി ഓഫ് ഫിലഡല്‍ഫിയ സൈറ്റേഷന്‍ സമ്മാനിച്ചു.

ലിസ് തോമസ് അദ്ദേഹത്തിനുവേണ്ടി സൈറ്റേഷന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ പൊന്നാട അണിയിച്ച് കേരളപ്പിറവി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തോമസ് പോള്‍ അദ്ദേഹത്തെ ആദരിച്ചു.പ്രമുഖ ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ശ്രീ. റിക്കി പല്ലഡിനോയെ വിന്‍സെന്റ് ഇമ്മാനുവല്‍ സദസ്സിന് പരിചയപ്പെടുത്തി. ഇമിഗ്രേഷന്‍ നിയമങ്ങളിലെ നിലവിലെ സാഹചര്യങ്ങള്‍, അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, പ്രവാസി സമൂഹം അറിഞ്ഞിരിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ പ്രഭാഷണം നടത്തി. അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിന്‍സെന്റ് ഇമ്മാനുവല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു

ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ . ജിം ഹാരിറ്റിയെ ട്രൈസ്റ്റേറ്റ് ജനറല്‍ സെക്രട്ടറി. ജോബി ജോര്‍ജ് സദസ്സിന് പരിചയപ്പെടുത്തി. തന്റെ സന്ദേശത്തില്‍ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കന്‍ സമൂഹത്തിന്റെ പുരോഗതിയില്‍ വിവിധ കുടിയേറ്റ സമൂഹങ്ങള്‍ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. തുടര്‍ന്ന് ശ്രീ. ജീമോന്‍ ജോര്‍ജ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജോഷ്വാ മാത്യുവിനെയും പ്രത്യേകം ആദരിച്ചു. വിന്‍സെന്റ് ഇമ്മാനുവല്‍ അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ജോഷ്വാ മാത്യു വിരമിക്കല്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വെക്തികള്‍ക്കുവേണ്ടി പ്രെത്യേകം സന്ദേശം പങ്കുവെച്ചു.


തുടര്‍ന്ന് നടന്ന ആശംസാപ്രസംഗങ്ങളില്‍ മലയാളി സംഘടനാ നേതാക്കള്‍ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.ഓര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരള ഫോറം വൈസ് ചെയര്‍മാനും പാമ്പാ (PAMPA) പ്രസിഡന്റുമായ അലക്‌സ് തോമസ്, വൈസ് ചെയര്‍മാന്‍മാരെ പ്രതിനിധീകരിച്ച് ശ്രീ. ജോര്‍ജ് ഓലിക്കല്‍, കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് സാജന്‍ വര്‍ഗീസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയെ പ്രതിനിധീകരിച്ച് ശ്രീമതി. സോസമ്മ ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

.
സിമിയോ ക്കുവേണ്ടി അഭിലാഷ് ജോണ്‍, പിയാനോ ക്കുവേണ്ടി ബിന്ദു ഡാനിയേല്‍ എന്നിവരും ഓര്‍മ അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസ് തോമസും ആശംസകള്‍ അറിയിച്ചു. മറ്റിതര സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.കേരളീയ കലാസാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.അജി പണിക്കരുടെ നേതൃത്വത്തിലുള്ള നുപുര ഡാന്‍സ് അക്കാദമിയിലെ സാറാ അക്ഷയ് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി.ഷിജി ഷാനി, നീതു എബ്രഹാം, റീമ അബി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഗാനവും ശ്രദ്ധേയമായി. ഗ്ലാഡ്വിന്‍ എലിസബത്ത് സാമുവല്‍, ജോസഫ് തോമസ്, സുമോദ് നെല്ലിക്കാല, ജിമോന്‍ ജോര്‍ജ്, രാജു ജോണ്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ച് ആഘോഷത്തിന് സംഗീതമാധുര്യം പകര്‍ന്നു. സുരേഷ് നായര്‍ എം സി ആയി പ്രെവര്‍ത്തിച്ചു.

സാമൂഹിക, സാംസ്‌കാരിക, സംഘടനാ, കലാ, പ്രൊഫഷണല്‍ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. .വി. അരവിന്ദ്, റിക്കി പല്ലഡിനോ, സേവ്യര്‍ മൂഴിക്കാട്ട്, അജി പണിക്കര്‍, ജോ ജോണ്‍, ജോസ് ആറ്റുപുറം, ജോസഫ് തോമസ്, . ജീമോന്‍ ജോര്‍ജ്, ജോഷ്വാ മാത്യു എന്നിവര്‍ക്ക് പുരസ്‌കാരങ്ങളും പ്രത്യേക അംഗീകാരങ്ങളും നല്‍കി ആദരിച്ചു.
ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോണി വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. മുഖ്യാതിഥികള്‍ക്കും സംഘടനാ ഭാരവാഹികള്‍ക്കും വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകര്‍ക്കും സദസ്സിനും അദ്ദേഹം നന്ദി അറിയിച്ചു.
വിവിധ മലയാളി സംഘടനകളെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും അമേരിക്കന്‍ മണ്ണില്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി കേരളപ്പിറവി ദിനാഘോഷം മാറി. മലയാളികളുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം പങ്കെടുത്തവരുടെ ഹൃദയങ്ങളില്‍ മനോഹരമായ ഓര്‍മ്മയായി നിലനിന്നു.

Tri-State Kerala Forum’s Keralapiravi Day celebration held with great grandeur; prominent personalities honored.

Share Email
Top