ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി; തിങ്കളാഴ്ച കീഴടങ്ങാൻ കോടതി നിർദേശം

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി; തിങ്കളാഴ്ച കീഴടങ്ങാൻ കോടതി നിർദേശം

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങാനും പ്രതാപന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

നേരത്തെ 19 മാസം തടവിൽ കഴിഞ്ഞിരുന്ന പ്രതാപന്, കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചാണ് പി.എം.എൽ.എ കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി നൽകിയ നിർദേശപ്രകാരം മുൻ ഉത്തരവ് പുനഃപരിശോധിച്ച എറണാകുളം പി.എം.എൽ.എ കോടതി ജാമ്യം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ 2024 ജൂലൈയിലാണ് കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കി ഇ.ഡി കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിക്കുകയും പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് നിലവിൽ ഇ.ഡി അന്വേഷണം തുടരുന്നത്.

Share Email
LATEST excelnclexrn
Top