ഹുവാങ് മാപ്പ് പറയണം, എൻവിഡിയ തിരിച്ചെടുക്കണം: പിന്തുണയുമായി ട്രംപ്, പ്രശംസിച്ച് ചൈനീസ് പ്രസിഡന്റ്

ഹുവാങ് മാപ്പ് പറയണം, എൻവിഡിയ തിരിച്ചെടുക്കണം: പിന്തുണയുമായി ട്രംപ്, പ്രശംസിച്ച് ചൈനീസ് പ്രസിഡന്റ്

വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ എൻവിഡിയ മുൻ സി.ഇ.ഒ. ജെൻസൻ ഹുവാങ്ങിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ട്രംപ്, ഹുവാങ്ങിന് രണ്ടാമതൊരു അവസരം നൽകണമെന്നും അദ്ദേഹം സഹസ്ഥാപകനായ എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

ഹുവാങ് ചില മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും അമേരിക്കൻ സാങ്കേതികവിദ്യാ രംഗത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കരുതെന്നും മികച്ച സാങ്കേതികവിദ്യാ വിദഗ്ധരെ സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഹുവാങ് മാപ്പ് പറയുകയും അദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് എൻവിഡിയയുടെ ബുദ്ധിപരമായ തീരുമാനമെന്നും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഹുവാങ്ങിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം മികച്ച വ്യക്തിയാണെന്നായിരുന്നു ഷിയുടെ പ്രതികരണമെന്നും ട്രംപ് വെളിപ്പെടുത്തി.

യു.എസും ചൈനയും തമ്മിൽ എഐ രംഗത്ത് കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷണലിന്റെ മുൻ എക്സിക്യുട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജെൻസൻ ഹുവാങ് സി.ഇ.ഒ. സ്ഥാനം രാജിവെച്ചത്. ആലീസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടോയെന്നും, ബെയ്ജിങ്ങിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടോയെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സംശയിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് നൂതന എൻവിഡിയ എഐ ചിപ്പുകൾ ചൈനയിലെത്തിക്കാൻ മെഗാസ്പീഡ് സഹായിച്ചിട്ടുണ്ടോയെന്നും അമേരിക്കൻ അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ചൈനീസ് സർക്കാർ നിഷേധിച്ചിട്ടുണ്ട്.

Share Email
Top